83 രാജ്യങ്ങൾ, 1500ലേറെ പുസ്തക പ്രകാശനങ്ങൾ; ഷാർജ പുസ്തകോത്സവം നാളെ മുതൽ
|ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമാണ് ഷാർജയിലേത്. അഭിമുഖങ്ങൾ, സംവാദം, പുസ്തക പ്രകാശനം തുടങ്ങിയവയുണ്ടാകും.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കമാകും. 83 രാജ്യങ്ങളിൽ നിന്ന് ആയിരത്തി അഞ്ഞൂറിലേറെ പ്രസാധകർ മേളയിലെത്തും. 150 മലയാള പുസ്തകങ്ങളും മേളയിൽ പ്രകാശനം ചെയ്യും. ഷാർജ എക്സ്പോ സെന്ററിൽ രാവിലെ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസി അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനം ചെയ്യും.
'എല്ലായ്പ്പോഴും ശരിയായ ഒരു പുസ്തകം ഉണ്ട്' എന്നതാണ് ഈ വർഷത്തെ പുസ്തകോത്സവത്തിന്റെ പ്രമേയം. നോബേൽ ജേതാവ് അബ്ദുറസാഖ് ഗുർനാ, ജ്ഞാനപീഠ ജേതാവ് അമിതവ് ഘോഷ്, ചേതൻ ഭഗത്, രവീന്ദർ സിങ്, അർഫീൻ ഖാൻ, ജെയ് ഷെട്ടി, പ്രണയ് ലാൽ, വീർ സംഘ്വി തുടങ്ങിയ പ്രമുഖർ മേളയിൽ അതിഥികളായി എത്തും.
കേരളത്തിൽ നിന്ന് സന്തോഷ് ജോർജ് കുളങ്ങര, പി.എഫ്. മാത്യൂസ്, മനോജ് കുറൂർ, ദീപ നിശാന്ത് തുടങ്ങിയവരുമുണ്ടാകും. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, മജീഷ്യൻ മുതുകാട് അടക്കമുള്ളവർ പുസ്തക പ്രകാശനത്തിനെത്തുന്നുണ്ട്.
അടുത്തിടെ തുടക്കം കുറിച്ച 'മാധ്യമം' ബുക്സ് ആദ്യമായി പുസ്തകോത്സവത്തിലെത്തും. 83 രാജ്യങ്ങളിൽ നിന്ന് 1576 പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് 81 പ്രസാധകരുണ്ടാകും. 293 പ്രസാധകർ എത്തുന്ന ഈജിപ്താണ് ഒന്നാമത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമാണ് ഷാർജയിലേത്. അഭിമുഖങ്ങൾ, സംവാദം, പുസ്തക പ്രകാശനം തുടങ്ങിയവയുണ്ടാകും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.