UAE
ഷാർജ-കോഴിക്കോട് എയർ ഇന്ത്യ സർവീസ് പുനരാരംഭിക്കുന്നു
UAE

ഷാർജ-കോഴിക്കോട് എയർ ഇന്ത്യ സർവീസ് പുനരാരംഭിക്കുന്നു

Web Desk
|
18 March 2022 5:35 PM GMT

എല്ലാദിവസവും രാത്രി ഒന്നിന് ഷാർജയിൽ നിന്നും പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 6:35നാണ് ഈ വിമാനം കോഴിക്കോട് എത്തിച്ചേരുക

ഷാർജ-കോഴിക്കോട് എയർ ഇന്ത്യ സർവീസ് മാർച്ച് 28 മുതൽ പുനരാരംഭിക്കുന്നു. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള ഈ സർവീസ് പ്രവാസികൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു. വർഷങ്ങളായി ഇന്ത്യൻ എയർലൈൻസ് വിമാനങ്ങളാണ് സർവീസ് നടത്തിയിരുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനസർവീസുകൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ എയർഇന്ത്യയുടെ സർവീസുകൾ നിർത്തലാക്കുകയായിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര വിമാന വിലക്ക് മാറിയതോടെയാണ് എയർ ഇന്ത്യ വീണ്ടും എത്തുന്നത്.

ഷാർജയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൻറെ സമയവും തിരക്ക് കുറഞ്ഞ സമയങ്ങളിലുള്ള അധിക ലഗേജുമാണ് യാത്രക്കാരെ ആകർഷിച്ചിരുന്നത്. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ സമയം രാത്രിയാണ് എന്നതായിരുന്നു പ്രത്യേകത.

അതത് ദിവസങ്ങളിൽ ജോലി കഴിഞ്ഞ് അന്ന് രാത്രി തന്നെ നാട്ടിലേക്ക് യാത്ര പുറപ്പെടാം എന്നതായിരുന്നു ഇതിൻറെ ഗുണം. തിരികെ രാത്രി നാട്ടിൽ നിന്നും പുറപ്പെട്ട് അർദ്ധരാത്രിയിൽ ഷാർജയിൽ തിരിച്ചെത്തുകയും പിറ്റേദിവസം തന്നെ ജോലിയിൽ പ്രവേശിക്കാൻ കഴിയുകയും ചെയ്യും.

എല്ലാദിവസവും രാത്രി ഒന്നിന് ഷാർജയിൽ നിന്നും പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 6:35നാണ് ഈ വിമാനം കോഴിക്കോട് എത്തിച്ചേരുക. കോഴിക്കോടുനിന്നും രാത്രി 10ന് പുറപ്പെട്ട് രാത്രി 12:05ന് ഷാർജയിൽ എത്തും. തുടക്കത്തിൽ ഷാർജയിൽനിന്നും കോഴിക്കോട്ടേക്ക് 430 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എക്കണോമി ക്ലാസിൽ 40കിലോ ബാഗേജും ബിസിനസ് ക്ലാസിൽ 45 കിലോ ബാഗേജും കൊണ്ടുപോകാമെന്ന് പ്രത്യേകതയുമുണ്ട്.

ഡൽഹി, കൊച്ചി, മുംബൈ സെക്ടറിൽ ഡ്രീംലൈനർ വിമാനങ്ങളാണ് ഉപയോഗിക്കുകയെന്നും എയർ ഇന്ത്യ അറിയിച്ചു. എയർഇന്ത്യയുടെ വെബ്‌സൈറ്റ് മുഖേനയോ ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

Similar Posts