UAE
ഷാര്‍ജ കുട്ടികളുടെ വായനോത്സവം ഇന്ന് സമാപിക്കും
UAE

ഷാര്‍ജ കുട്ടികളുടെ വായനോത്സവം ഇന്ന് സമാപിക്കും

Web Desk
|
22 May 2022 5:53 AM GMT

മേളയിലെത്തിയത് പതിനായിരക്കണക്കിന് കുട്ടികള്‍

ഷാര്‍ജയില്‍ 12 ദിവസം നീണ്ടുനിന്ന കുട്ടികളുടെ വായനോത്സവത്തിന് ഇന്ന് തിരശ്ശീലവീഴും. 12 രാജ്യങ്ങളിലെ 139 പ്രസാധകരാണ് തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങളുമായി മേളയില്‍ പങ്കെടുത്തത്. റോബോട്ട് സൂ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ നൂറുകണക്കിന് കുട്ടികളെ മേളയിലേക്ക് ആഘര്‍ഷിച്ചു.

ആദ്യമായാണ് ഷാര്‍ജ ബുക്ക് അതോറിറ്റി 12 ദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവം സംഘടിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ 10 ദിവസമായിരുന്നു ഈ മേളയുടെ കാലാവധി. 'സര്‍ഗാത്മകത സൃഷ്ടിക്കുക' എന്ന സന്ദേശത്തില്‍ മെയ് 11 നാണ് മേള തുടങ്ങിയത്. ശൈഖ് ഖലീഫയുടെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസം വായനോത്സവത്തിലെ സാംസ്‌കാരിക പരിപാടികള്‍ നിര്‍ത്തിവെച്ചിരുന്നു. പരിപാടികള്‍ പുനരാരംഭിച്ചതോടെ വായനോത്സവം വീണ്ടും കുട്ടികളെ കൊണ്ട് നിറഞ്ഞു.

ചിത്രരചന, കുക്കിങ്, ക്രാഫ്റ്റ്, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ക്കായി പരിപാടികളുണ്ടായിരുന്നു.

ഷാര്‍ജ ഭരണാധികാരി വായനോത്സവത്തില്‍ പങ്കെടുക്കുന്ന പ്രസാധകരില്‍ നിന്ന് 25 ലക്ഷം ദിര്‍ഹമിന്റെ പുസ്തകങ്ങള്‍ വാങ്ങാനും നിര്‍ദേശം നല്‍കിയിരുന്നു. പ്രഗത്ഭരായ കലാകാരന്മാര്‍ നയിക്കുന്ന 750 ശില്‍പശാലകളാണ് മേളയില്‍ നടന്നത്. കൂടാതെ, 130 ഇനം കലാപരിപാടികളും മേളയില്‍ അരങ്ങേറി. 25 ലോകോത്തര എഴുത്തുകാര്‍ പങ്കെടുത്ത മേളയില്‍ രസകരമായ പല പരിപാടികളും കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.

Similar Posts