ഷാർജ ഇന്ത്യൻ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; യു.ഡി.എഫ് അനുകൂല മുന്നണിക്ക് ജയം
|ഏഴ് ഭാരവാഹികളും, ഏഴ് ഭരണസമിതി അംഗങ്ങളുമടക്കം 14 സ്ഥാനങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്
ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല മുന്നണിക്ക് മികച്ച വിജയം. തെരഞ്ഞെടുപ്പ് നടന്ന 14 സ്ഥാനങ്ങളിൽ 11 എണ്ണവും അഡ്വ. വൈ.എ റഹീം നേതൃത്വം നൽകിയ വിശാല ജനകീയ മുന്നണി കരസ്ഥമാക്കി. ഇത് പതിനാലാം തവണയാണ് കോൺഗ്രസ് നേതാവ് വൈ എ റഹീം ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഏഴ് ഭാരവാഹികളും, ഏഴ് ഭരണസമിതി അംഗങ്ങളുമടക്കം 14 സ്ഥാനങ്ങളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് അനുകൂല വിശാല ജനകീയ മുന്നണി ഏഴ് ഭാരവാഹി സ്ഥാനങ്ങളും തൂത്തുവാരി. ഈ പാനലിലെ അഞ്ച് ഭരണസമിതി സ്ഥാനാർഥികളും വിജയിച്ചു. ഇടത് അനുകൂല വിശാല വികസന മുന്നണിയിലെ ജോൺസൻ മാത്തുകുട്ടിയെ 194 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇൻകാസ് നേതാവ് അഡ്വ. വൈ എ റഹീം പതിനാലാം തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ടി.വി നസീർ ജനറൽ സെക്രട്ടറിയായും, ടി.കെ ശ്രീനാഥ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി മാത്യൂ ജോണും, ജോയിൻ ജന. സെക്രട്ടറിയായി മനോജ് ടി വർഗീസും, ജോയിന്റെ ട്രഷററായി ബാബു വർഗീസും വിജയിച്ചു. ഓഡിറ്റർ സ്ഥാനത്തേക്ക് മുരളീധരൻ വി കെ പി തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് പാനലിലെ റോയ് മാത്യൂ, കുഞ്ഞമ്പു നായർ, സാം വർഗീസ്, എ കെ ജബ്ബാർ എന്നിവർ ഭരണസമിതിയിലേക്ക് വിജയിച്ചപ്പോൾ. ഇടത് പാനലിലെ പ്രതീഷ് ചിതറ, എം ഹരിലാൽ, അബ്ദുമനാഫ് എന്നിവരും ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.