ലബനാനു വേണ്ടി കൈകോർത്ത് ഷാർജ; 250 ടൺ സഹായവസ്തുക്കൾ ശേഖരിച്ചു
|നേരത്തെ ദുബൈയിലും അബൂദബിയിലും സമാനമായ സമാഹരണയജ്ഞം നടന്നിരുന്നു
ദുബൈ: ഇസ്രായേൽ ആക്രമണം തുടരുന്ന ലബനാനിലെ ജനങ്ങൾക്കു വേണ്ടി കൈകോർത്ത് ഷാർജ. വിഭവ സമാഹരണത്തിന്റെ ഭാഗമായി ഷാർജയിൽ നിന്ന് 250 ടൺ സഹായവസ്തുക്കളാണ് ശേഖരിച്ചത്. യുഎഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ ക്യാംപയിന്റെ ഭാഗമായി ഷാർജ സെന്ററിലാണ് ലബനാനു വേണ്ടി അവശ്യവസ്തുക്കൾ ശേഖരിച്ചത്.
ഭക്ഷണം, പുതപ്പ്, അരി, പഞ്ചസാര അടക്കം 250 ടൺ വരുന്ന പതിനായിരം ബോക്സ് വസ്തുക്കളാണ് വളണ്ടിയർമാർ പാക്ക് ചെയ്തത്. മുവ്വായിരത്തിലേറെ വളണ്ടിയർമാരാണ് സേവനസന്നദ്ധരായി എക്സ്പോ സെന്ററിലെത്തിയത്. ബിഗ് ഹാർട് ഫൗണ്ടേഷൻ, ഷാർജ ചാരിറ്റി ഇന്റർനാഷണൽ അടക്കമുള്ള സംഘടനകളും എമിറാത്തി സന്നദ്ധ സംഘടനകളും പരിപാടിയുടെ ഭാഗമായി. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു സഹായശേഖരണം.
നേരത്തെ ദുബൈയിലും അബൂദബിയിലും സമാനമായ സമാഹരണയജ്ഞം നടന്നിരുന്നു. ഇവിടങ്ങളിൽ നിന്ന് 450 ടൺ സാധനങ്ങളാണ് ശേഖരിച്ചത്. ഇതുവരെ 110 മില്യൺ ദിർഹം മൂല്യം വരുന്ന വസ്തുക്കളാണ് ലബനാനു വേണ്ടി പാക്ക് ചെയ്തിട്ടുള്ളത്. ലബനാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒക്ടോബർ എട്ടു മുതൽ രണ്ടാഴ്ചത്തെ ക്യാംപയിനാണ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിട്ടുള്ളത്. ക്യാംപയിന്റെ ഭാഗമായി 12 വിമാനങ്ങളിലായി ഇതുവരെ 515 ടൺ സഹായമാണ് യുഎഇ ലബനാനിലെത്തിച്ചിട്ടുള്ളത്.