ഷാർജയിലെ കൂട്ടക്കൊലപാതകം: കുടുംബം ഗുജറാത്ത് സ്വദേശികൾ
|ദുബൈയിലെ ഇലക്‌ട്രോണിക്‌സ് സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു ഭർത്താവ്
ഷാർജയിൽ കഴിഞ്ഞദിവസം ഭാര്യയെയും രണ്ട് പെൺമക്കളെയും കൊന്ന് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച യുവാവ് ഗുജറാത്ത് വഡോദര സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം മക്കളെ ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് പോസ്റ്റുമോർട്ടം പരിശോധനയിൽ ലഭിക്കുന്ന സൂചന. എന്നാൽ കൊലപാതത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. ദുബൈയിലെ ഇലക്‌ട്രോണിക്‌സ് സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു ഇയാൾ. സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പൊലീസ് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹങ്ങൾ അടുത്തദിവസം യുഎഇയിൽ തന്നെ സംസ്‌കരിക്കും.
യുവാവ് കെട്ടിടത്തിന് മുകളിൽനിന്ന് ചാടുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ വിവരം ഇയാൾ തന്നെ കുറിപ്പിലൂടെ സൂചിപ്പിക്കുകയായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഫ്‌ളാറ്റിന്റെ വാതിലുകൾ പൊളിച്ച് അകത്ത് കയറിയതും മൃതദേഹം കണ്ടെത്തിയതും.
ഗുജറാത്തിലുള്ള ഇവരുടെ കുടുംബവുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരെയും മാനേജർമാരെയും ഭാര്യയുടെയു സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. ആറ് മാസമായി ഇതേ കെട്ടിടത്തിലാണ് താമസം. സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശേരിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.
Sharjah massacre: Family hails from GujaratSharjah massacre: Family hails from Gujarat