UAE
യുവതിയുടെ കൊലപാതകം; വിഡിയോ ദൃശ്യങ്ങള്‍   ഷെയര്‍ ചെയ്യരുതെന്ന്  പൊലീസിന്റെ മുന്നറിയിപ്പ്
UAE

യുവതിയുടെ കൊലപാതകം; വിഡിയോ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

Web Desk
|
28 Jun 2022 1:32 PM GMT

ഇരയുടെ കുടുംബത്തിന്റെ വികാരങ്ങളും സാമൂഹിക മൂല്യങ്ങളും മാനിക്കാത്ത പെരുമാറ്റം അനുവദിക്കാനാകില്ലെന്നും പൊലീസ്

ഷാര്‍ജയില്‍ കുത്തേറ്റു മരിച്ച ജോര്‍ദാനിയന്‍ യുവതിയുടെ വിഡിയോ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹികമാധ്യമങ്ങള്‍വഴി വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറയിപ്പ്.

ആരെങ്കിലും വിഡിയോ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഷാര്‍ജയില്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ലുബ്‌ന മന്‍സൂര്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതി വധശിക്ഷ വരെ നേരിടേണ്ടിവരും.

യുവതിയുടെ ഭര്‍ത്താവാണ് അക്രമിയെന്ന തരത്തിലുള്ള ജോര്‍ദാന്‍ മാധ്യമ റിപ്പോര്‍ട്ടുകളോട് ഷാര്‍ജ പൊലീസ് ഇതുവരെയും പ്രതികരിക്കുകയോ പ്രതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടകയോ ചെയ്തിട്ടില്ല.

ഇരയുടെ കുടുംബത്തിന്റെ വികാരങ്ങളും സാമൂഹിക മൂല്യങ്ങളും മാനിക്കാത്ത പെരുമാറ്റം അനുവദിക്കാനാകില്ലെന്നും പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലിയര്‍പ്പിക്കാനായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കുടുംബമാണ് ഇരയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടത്. പ്രതിയെന്ന് സംശയിക്കപ്പെട്ട് പിടിയിലായ വ്യക്തിയുടെ പ്രായമോ വ്യക്തിവിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ ഇടയിലുണ്ടായ തര്‍ക്കമാണ് യുവതിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Similar Posts