UAE
പുതുവർഷം മുതല്‍ യു.എ.ഇ മാറും: മുൻഗണനാ വിഷയങ്ങൾ പ്രഖ്യാപിച്ച്​ ശൈഖ്​ മുഹമ്മദ്​
UAE

പുതുവർഷം മുതല്‍ യു.എ.ഇ മാറും: മുൻഗണനാ വിഷയങ്ങൾ പ്രഖ്യാപിച്ച്​ ശൈഖ്​ മുഹമ്മദ്​

Web Desk
|
2 Jan 2023 6:44 PM GMT

അഞ്ച്​ വിഷയങ്ങൾക്കാവും യു.എ.ഇ പുതുവർഷത്തിൽ പ്രാമുഖ്യം നൽകുക

ദുബൈ: പുതുവർഷത്തിൽ വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ മേഖലകൾക്ക്​ ഊന്നൽ നൽകി യു.എ.ഇ. വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആണ്​ മുൻഗണനാക്രമം പ്രഖ്യാപിച്ചത്​. ഈ വർഷത്തെ ആദ്യ മന്ത്രിസഭ യോഗത്തിന്​ ശേഷം ട്വിറ്ററിലൂടെയായിരുന്നു ശൈഖ്​ മുഹമ്മദിന്‍റെ പ്രഖ്യാപനം.​ അഞ്ച്​ വിഷയങ്ങൾക്കാവും യു.എ.ഇ പുതുവർഷത്തിൽ പ്രാമുഖ്യം നൽകുക. പാരിസ്ഥിതിക സുസ്ഥിരത, വിദ്യാഭ്യാസ മേഖലയി​ലെ വികസനം, ദേശീയതയുടെ ഏകീകരണം, രാജ്യത്തിന്‍റെ അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്തം വിപുലമാക്കൽ, ഇമാറാത്തിവത്​കരണം വേഗത്തിലാക്കുന്ന നടപടികൾ എന്നിവയായിരിക്കും ഇവ.

2022ലെ നേട്ടങ്ങളെ കുറിച്ചും യോഗം അവലോകനം ചെയ്തു. കഴിഞ്ഞ വർഷം 71 കരാറുകളാണ്​ രാജ്യം ഒപ്പുവെച്ചത്​. സർക്കാർ പുറത്തിറക്കിയ 900 ഉത്തരവുകളും വിലയിരുത്തി. ഇതിൽ 22 സർക്കാർ നയങ്ങളും 68 ഫെഡറൽ നിയമങ്ങളും ഉൾപെടുന്നു. പുതിയൊരു യാത്ര ആരംഭിക്കുകയാണെന്നും രാജ്യത്തിന്‍റെ ഭാവിയിൽ നിറഞ്ഞ പ്രതീക്ഷയാണുള്ളതെന്നും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിലപാടുകൾ സാക്ഷാത്കരിക്കാനും ജനങ്ങളുടെ സാമ്പത്തിക-സാമൂഹിക അഭിലാഷങ്ങൾ പൂർത്തീകരിക്കാനുമുള്ള വേദിയാണ്​ മന്ത്രി സഭയെന്നും ശൈഖ്​ മുഹമ്മദ്​ ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ ഏറ്റവും മികച്ച സർക്കാരാണ്​ യു.എ.ഇയിലേത്​. മികച്ച സംഘമാണ്​ യു.എ.ഇയുടെ വിജയത്തിന്​ കാരണമെന്നുംഅവർ​ അഭിനന്ദനം അർഹിക്കുന്നതായും ശൈഖ്​ മുഹമ്മദ്​ കൂട്ടിച്ചേർത്തു.

Similar Posts