യു.എ.ഇ വികസനം ശക്തമെന്ന് ശൈഖ് മുഹമ്മദ്
|പ്രതിവാര മജ്‌ലിസിൽ എം.എ. യൂസുഫലിയടക്കമുള്ള വ്യവസായ പ്രമുഖരും സന്നിഹിതരായി
ദുബൈ:എല്ലാ മേഖലകളിലും യു.എ.ഇ മുന്നേറ്റം വിപുലപ്പെടുത്താൻ കൂട്ടായ നീക്കമാണ് തുടരുന്നതെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. പൊതുമേഖലയുടെ വളർച്ചക്കൊപ്പം സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്ന സമീപനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വിവിധ വെല്ലുവിളികളെ നേരിടുന്നതിനൊപ്പം സുസ്ഥിരത, നവീകരണം, നൂതന അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ പുരോഗതി ഉറപ്പാക്കുക പ്രധാനമാണെന്ന് പ്രതിവാര മജ്‌ലിസിൽ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. സാമ്പത്തിക മുന്നേറ്റത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് വലുതാണെന്നും ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരം, ബിസിനസ്, നിക്ഷേപം എന്നിവയുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറാനാണ് ദുബൈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക പ്രമുഖർ, വ്യവസായികൾ, നിക്ഷേപകർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ മജ്‌ലിസിൽ ഒത്തുചേർന്നു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹ്‌മദ് ബിൻ സഈദ് ആൽ മക്തൂം, ദുബൈ മീഡിയ ഇൻ കോർപറേറ്റഡ് ചെയർമാൻ ശൈഖ് ഹഷ്ർ ബിൻ മക്തൂം ബിൻ ജുമാ ആൽ മക്തൂം, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മജ്‌ലിസിൽ സന്നിഹിതരായിരുന്നു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയടക്കമുള്ള വ്യവസായ പ്രമുഖരും സന്നിഹിതരായി.