ശിവഗിരി തീർഥാടനം നവതി യു എ ഇയിൽ; കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും
|ശിവഗിരി മഠാധിപതിയും പങ്കെടുക്കും
ദുബൈ: വർക്കല ശിവഗിരി തീർഥാടനത്തിന്റ നവതി ആഘോഷം ഈമാസം 30 ന് യു എ ഇയിൽ നടക്കും. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ കൃഷി മന്ത്രി പി പ്രസാദ് പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന് ഗുരു ധർമ പ്രചാരണ സഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമിയും യു എ ഇയിൽ എത്തും.
കനക നവതി എന്ന പേരിലാണ് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരു ധർമ്മ പ്രചാരണ സഭ യു എ ഇയിൽ ആഘോഷം സംഘടിപ്പിക്കുന്നത്. ശിവഗിരി തീർഥാടനത്തിന്റെ തൊണ്ണൂറാം വാർഷികം, ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി, കവി രവീന്ദ്രനാഥ ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ നൂറാം വാർഷികം എന്നിവയാണ് വിപലുമായ പരിപാടികളോടെ യു എ ഇയിൽ ആഘോഷിക്കുന്നതെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ വൈ എ റഹീം പറഞ്ഞു.
ഈ മാസം 30 ന് രാവിലെ ഏഴിന് അജ്മാൻ ഇന്ത്യൻ അസോസിയേഷനിൽ പരിപാടികൾ ആരംഭിക്കും. കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കുന്ന ആഘോഷങ്ങളിൽ ഗുരുദേവ ഭജന, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, സംഗീതവിരുന്ന് എന്നിവയുണ്ടാകും. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി, ഋതംബരാനന്ദ സ്വാമി, വീരേശ്വരാനന്ദ സ്വാമി, ഗുരുധർമ പ്രചാരണ സഭ രക്ഷാധികാരി ഡോ. കെ സുധാകരൻ എന്നിവർ പങ്കെടുക്കും. മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് മുജീബ് ജയ്ഹൂൻ എഴുതിയ സ്ലോഗൻസ് ഓഫ് എ സേജ് എന്ന പുസ്തകം ശിവഗിരി മഠാധിപതി ചടങ്ങിൽ പ്രകാശനം ചെയ്യും. മുജീബ് ജൈഹൂന് ഗുരുശ്രേഷ്ഠ പുരസ്കാരവും സമ്മാനിക്കും. സാമൂഹിക പ്രവർത്തകൻ പ്രേംസായി ഹരിദാസിന് ഗുരുകൃപ അവാർഡ് കൈമാറും. വിവിധ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. ഗുരുവിന്റെ കൃതികളെ ആസ്പദമാക്കിയുള്ള നൃത്താവിഷ്കാരവും ചടങ്ങിന്റെ ഭാഗമായുണ്ടാകും.
ഗുരുധർമ പ്രചാരണ സഭാ ഭാരവാഹികളായ കെ പി രാമകൃഷ്ണൻ, അഡ്വ. ശ്രീ ശ്യാം പി പ്രഭു, സ്വപ്ന ഷാജി, സുഭാഷ് ചന്ദ്ര, ഉൻമേഷ് ജയന്തൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.