സോഫ്റ്റ് വെയർ നവീകരണം തലവേദനയാകുന്നു; എയർ ഇന്ത്യ വെബ്സൈറ്റ് അവതാളത്തിൽ
|റിസർവേഷൻ വിവരങ്ങളും, യാത്രാ റദ്ദാക്കൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കാത്തത് യാത്രക്കാരെ വലക്കുകയാണ്
എയർ ഇന്ത്യ എക്സ്പ്രസിന്റെ സോഫ്റ്റ് വെയർ നവീകരണം യാത്രക്കാർക്കും ട്രാവൽ ഏജൻസികൾക്കും തലവേദനയാകുന്നു. വിമാനകമ്പനികളുടെ വെബ്സൈറ്റിൽ ദിവസങ്ങളായി പല വിവരങ്ങളും ലഭ്യമല്ല. റിസർവേഷൻ വിവരങ്ങളും, യാത്രാ റദ്ദാക്കൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കാത്തത് യാത്രക്കാരെ വലക്കുകയാണ്. പല സേവനങ്ങളുടെ നിരക്കും കുത്തനെ ഉയർത്തിയതായും വെബ്സൈറ്റിൽ കാണിക്കുന്നുണ്ട്.
സോഫ്റ്റ് വെയർ, വെബ്സൈറ്റ് നവീകരണത്തിന്റെ ഭാഗമായി ആദ്യം തന്നെ കുട്ടികൾക്കായുള്ള പ്രത്യേക ടിക്കറ്റ് നിരക്ക് അപ്രത്യക്ഷമായി. കുട്ടികൾക്കുള്ള കുറഞ്ഞ നിരക്ക് എയർ ഇന്ത്യ എക്സ്പ്രസ് നിർത്തലാക്കിയതാണോ സോഫ്റ്റ് വെയർ പ്രശ്നമാണോ എന്നത് സംബന്ധിച്ച് ഇപ്പോഴും ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. നേരത്തേ ടിക്കറ്റെടുത്തവരുടെ റിസർവേഷൻ വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കുന്നില്ല.
വിവരങ്ങൾ ലഭ്യമാകാൻ വെബ്സൈറ്റിന് പകരം കോൾസെന്ററിലേക്ക് വിളിച്ചാലും കൃത്യമായ വിവരങ്ങളല്ല ലഭിക്കുന്നത്. നവീകരണത്തിന്റെ പ്രശ്നങ്ങൾ രണ്ട് ദിവസം കൊണ്ട് പരിഹരിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നെങ്കിലും പത്ത് ദിവസത്തിലേറെയായിട്ടും കാര്യങ്ങൾ അവതാളിത്തിലാണെന്നാണ് പരാതി.