UAE
Easy ways and tricks to get job in Dubai
UAE

ദുബൈയിൽ ജോലി ലഭിക്കാൻ പ്രയാസപ്പെടുന്നവർക്ക് ചില 'പൊടിക്കൈകൾ'

Web Desk
|
4 May 2023 4:51 PM GMT

ഒരു ജോലിക്ക് വേണ്ടി ദുബൈയിലേക്ക് വിമാനം കയറി, പല കമ്പനികളിലും ദിനേന കയറിയിറങ്ങി, സിവി കൊടുത്ത്, വേക്കൻസി അറിയിക്കണമെന്ന് പലരോടും കേണപേക്ഷിച്ചിട്ടും ജോലി ലഭിച്ചിക്കുന്നില്ലെങ്കിൽ അതിന് ചില കാരണങ്ങളുണ്ടായിരിക്കാം. ദുബൈയിൽ ജോലി തിരയുന്നവർ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കാം.

അവസരങ്ങളുടെ പറുദീസയാണ് ദുബൈ. പക്ഷെ ഓരോ വർഷവും ഏകദേശം 2,00,000 ആളുകൾ തൊഴിൽ തേടിയെത്തുന്ന നഗരത്തിൽ നല്ലൊരു ജോലി തരപ്പെടാൻ ചില പൊടിക്കൈകൾ തന്നെ പ്രയോഗിക്കേണ്ടി വരും.

ജോലിക്കായി അപേക്ഷിക്കുമ്പോൾ നൽകുന്ന സിവിയിൽ ദുബൈയിലെ തന്നെ വിലാസവും ഫോൺ നമ്പറും തന്നെ നൽകുക എന്നതാണ് ഇതിൽ പ്രധാനം. വിസിറ്റ് വിസ ഹോൾഡറാണെങ്കിലും സ്വന്തമായി ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കൽ നിർബന്ധമാണ്. കാരണം റിക്രൂട്ടർമാരും നിയമന അധികാരികളും മിക്കവാറും ഫോൺ നമ്പർ വഴിയാണ് നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുക.

കൃത്യമായ ലക്ഷ്യത്തോടെ തന്നെ അപേക്ഷ സമർപ്പിക്കുകയാണ് മറ്റൊരു ഘടകം. ഏതെങ്കിലുമൊരു ജോലിയെന്ന മനോഭാവം മാറ്റി നിങ്ങളുടെ കഴിവുകൾക്കും എക്സ്പീരിയൻസിനും യോജിച്ച കമ്പനികൾ തിരഞ്ഞു പിടിച്ച് അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കണം.

നിങ്ങളുടെ കഴിവുകൾക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കും ഒരിക്കലും യോജിക്കാത്ത സ്ഥാപനങ്ങളിൽ കയറിയിറങ്ങി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്. ലിങ്ക്ഡിൻ, ഇൻഡീഡ് തുടങ്ങിയ കരിയർ വെബ്‌സൈറ്റുകളിൽ ആവശ്യമായ എല്ലാ വിവരങ്ങളോടെയും നിങ്ങളുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.

നിങ്ങളെ ഒരു കമ്പനിയുടെ എച്ച്ആർ ബന്ധപ്പെടുകയോ ഒന്നോ രണ്ടോ റൗണ്ട് ഇന്റർവ്യൂകളിൽ പങ്കെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഫോളോ-അപ്പ് ഇമെയിലുകൾ അയച്ച് ആ ബന്ധം നിലനിറുത്തുക.

പരമാവധി ആഴ്ചയുടെ തുടക്ക ദിവസമായ തിങ്കളാഴ്ചകളിൽതന്നെ ഔദ്യോഗിക മെയിലുകൾ അയക്കാൻ ശ്രമിക്കുക. ഇത്തരം ചെറിയ ശ്രദ്ധകൾ ഒരുപക്ഷെ നിങ്ങളുടെ കരിയറിൽ വലിയ അവസരങ്ങൾ തന്നെ തുറന്നു തന്നേക്കാം.

Similar Posts