UAE
Sheikh Zayed Masjid
UAE

അവസാന പത്തിൽ ശൈഖ് സായിദ് മസ്ജിദിലേക്ക് പ്രത്യേക യാത്രാ സൗകര്യങ്ങൾ

Web Desk
|
11 April 2023 7:35 PM GMT

റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കുന്നതോടെ അബൂദബിയിലെ പ്രധാന ആരാധനാകേന്ദ്രമായ ശൈഖ് സായിദ് മസ്ജിദിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണവും ക്രമാതീതമായി വർധിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ മസ്ജിദിലേക്കും തിരിച്ചും പൊതു യാത്രാ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവർക്ക് ആശ്വാസമായി അധികാരികൾ പ്രത്യേക ബസ് സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

റമദാൻ അവസാന പത്തിലെ രാത്രികളിലാണ് ആരാധനക്കായി ജനങ്ങൾ കൂട്ടത്തോടെ പള്ളിയിലേക്കെത്തുന്നത്. ഇത് പരിഗണിച്ചാണ് രാത്രി സമയങ്ങളിൽ പ്രത്യേക പബ്ലിക് ബസ് സർവീസുകൾ നടത്തുമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് റെഗുലേറ്റർ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

അൽ റാഹയിലെ അൽ സിന ഏരിയയിൽനിന്ന് ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലേക്കും തുടർന്ന് അബൂദബി കോർണിഷിലേക്കുമുള്ള റൂട്ടിൽ ഒരു മണിക്കൂർ ഇടവിട്ട് ബസ് നമ്പർ 175 സർവിസ് നടത്തും.

വാഹ അൽകരാമ- ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്- മംഷ അൽ സാദിയാത്ത് എന്നിവയ്ക്കിടയിൽ ഓരോ 20 മിനിറ്റിലും ബസ്നമ്പർ 94, സർവിസ് നടത്തും. കൂടാതെ 100ഓളം ടാക്സികൾ എല്ലാ ദിവസവും പള്ളിയുടെ പരിസരത്ത് നിലയുറപ്പിക്കും.

സുഗമമായ സേവനങ്ങൾ ഉറപ്പാക്കാനായി ടാക്സി ഓപ്പറേറ്റർമാരുമായി ഏകോപിപ്പിച്ച് സൈറ്റ് ഇൻസ്പെക്ടർമാരെയും സൂപ്പർവൈസർമാരെയും വിന്യസിക്കും. റമദാനിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും ട്രാഫിക് അധികൃതർ പ്രത്യേക സ്ഥലങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

പള്ളിയുടെ പ്രധാന കവാടങ്ങളും സന്ദർശകരുടെ പാർക്കിങ് ഏരിയയും നിരീക്ഷിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ഐടിസി നിരവധി നടപടികളും കൈക്കൊണ്ടിട്ടുണ്ട്.

Similar Posts