യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുന്നു
|കഴിഞ്ഞ 27 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്
ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. വെള്ളത്തിലായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആയിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. കഴിഞ്ഞ 27 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.
കനത്തമഴയിൽ വെള്ളത്തിൽ മുങ്ങിയ ഫുജൈറ, ഖൊർഫുക്കാൻ, റാസൽഖൈമ, ഷാർജയുടെ കൽബ മേഖലയിൽ പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ രാത്രി തന്നെ കൽബ, ഫുജൈറ മേഖലയിൽ വെള്ളത്തിൽ കുടുങ്ങിയ 870 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി യു.എ.ഇ അധികൃതർ അറിയിച്ചു. 150 പേർക്ക് താമസസ്ഥലത്ത് വെള്ളം കയറിയതിനാൽ ഹോട്ടലുകളിലും മറ്റും പകരം താമസം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡിൽ വെള്ളം കയറിയതിനാൽ ഫുജൈറയിലേക്കുള്ള റോഡുകൾ പൊലീസ് അടിച്ചു. ഷാർജയിൽ നിന്നും ദുബൈയിൽ നിന്നും ഫുജൈറയിലേക്കുള്ള ബസ് സർവീസുകളും നിർത്തിവെച്ചു. വെള്ളപൊക്കം നേരിടുന്ന പ്രദേശങ്ങളിലെ സർക്കാർ ജോലിക്കാർക്ക് ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നു.
കഴിഞ്ഞ 27 വർഷത്തിനിടെ ജൂലൈ മാസത്തിൽ യു.എ.ഇയിൽ ലഭിച്ച ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയ ഫുജൈറ പോർട്ട് സ്റ്റേഷനിൽ 255 മില്ലിമീറ്ററാണ് മഴ ലഭിച്ചത്. മസാഫിക്കാണ് രണ്ടാം സ്ഥാനം. ഇവിടെ 209 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിച്ചു.