യു എ ഇയിൽ ശക്തമായ കാറ്റും മഴയും; മിക്കയിടങ്ങളിലും ഓറഞ്ച്, യെല്ലോ അലർട്ട്
|ചില സ്കൂളുകൾ റിപ്പബ്ലിക് ദിനാഘോഷം മാറ്റി
ദുബൈ: യു എ ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് സ്കൂളുകൾ ഇന്ന് നേരത്തേ അധ്യയനം അവസാനിപ്പിച്ചു. ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചു. നാളെ നടക്കേണ്ട റിപ്പബ്ലിക് ദിനാഘോഷം ചില ഇന്ത്യൻ സ്കൂളുകൾ മാറ്റിവെച്ചു. എന്നാൽ, വിദ്യാലയങ്ങൾക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.
ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ യു എ ഇയുടെ മിക്ക എമിറേറ്റുകളിലും ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ തുടരുകയാണ്. അബൂദബിയിൽ ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണെന്ന് ആഭ്യന്തരമന്ത്രാലയവും വിവിധ എമിറേറ്റുകളിലെ പൊലീസ് സേനയും അറിയിച്ചിട്ടുണ്ട്.
മലവെള്ളപാച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ താഴ് വരകളിൽ നിന്ന് വിട്ടുനിൽക്കണം. നിറഞ്ഞൊഴുകുന്ന മലവെള്ളപാച്ചിൽ വാഹനത്തിൽ മുറിച്ചുകടക്കാൻ ശ്രമിക്കരുത്. കടൽ പ്രക്ഷുബ്ദമാണ് എന്നതിനാൽ തീരത്ത് നിന്ന് വിട്ടുനിൽക്കണം. കനത്ത മഴയെ തുടർന്ന് യു എ ഇ കിഴക്കൻ തീരങ്ങളായ കൽബ, ഫുജൈറ, ഖൊർഫുക്കാൻ മേഖലകളിലെ സ്കൂളുകൾ ഇന്ന് ഉച്ചയോടെ അധ്യയനം അവസാനിപ്പിച്ചു.
രാത്രി എട്ടോടെ ദുബൈ ഗ്ലോബൽ വില്ലേജ് ഇന്ന് അടക്കുകയാണെന്ന് അറിയിച്ചു. നാളെ സ്കൂളുകളിൽ നടക്കേണ്ട ഇന്ത്യൻ റിപ്പബ്ലിക്ദിനാഘോഷം, പഠനയാത്ര തുടങ്ങിയവ ഒഴിവാക്കിയതായി ചില സ്കൂളുകൾ രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകി. അതേസമയം, ദുബൈയിലെ സ്കുളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് കെ എച്ച് ഡി എ വ്യക്തമാക്കി. യു എ ഇക്ക് പുറമെ ഒമാന്റെ വടക്കൻ ബാത്തിന ഗവർണറേറ്റിലും, സൗദിയിലെ കിഴക്കൻ മേഖലയിലും മഴ തുടരുകയാണ്.