വിദ്യാർഥികളുടെ യാത്രകൾ സുരക്ഷിതമാകണം: സ്‌കൂൾ ബസ് ഓപറേറ്റർമാർക്ക് നിർദേശം നൽകി ദുബൈ ആർ.ടി.എ
|ബസുകളിൽ സുരക്ഷക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ നിർബന്ധമായും ഏർപ്പെടുത്തണം.
ദുബൈ: യു.എ.ഇയിൽ പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ ബസ് ഓപറേറ്റർമാർക്ക് നിർദേശം നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി. വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചുമുള്ള വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആർ.ടി.എ അധികൃതർ വ്യക്തമാക്കി. ബസുകളിൽ സുരക്ഷക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ നിർബന്ധമായും ഏർപ്പെടുത്തണം.
വേനലവധി അവസാനിക്കാനിരിക്കെ സ്‌കൂൾ അധികൃതർക്കും ബസ് ഓപറേറ്റർമാർക്കും കൃത്യമായ മാർഗരേഖയും കൈമാറിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യ, സുരക്ഷാ കാര്യങ്ങളിൽ ഏറ്റവും മികച്ച ശ്രദ്ധ നൽകാനാണ് നിർദേശം. നിലവിലുള്ള നിയമങ്ങളും നിർദേശങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്നത് ആർ.ടി.എ പരിശോധിക്കും. ഇതിനായി പ്രത്യേക വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സ്‌കൂൾ ബസുകളുടെ ക്ഷമത പരിശോധിക്കാനുള്ള സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കുട്ടികൾ വാഹനത്തിൽ കയറി ഇറങ്ങുന്ന സമയത്തു കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വീടുകൾക്ക്‌സമീപം കുട്ടിയെ എത്തിക്കുന്ന കാര്യത്തിലും ഇതിനായി നിയോഗിക്കപ്പെട്ടവർക്ക് വലിയ ബാധ്യതയുണ്ടെന്നും നിർദേശത്തിൽ പറയുന്നു
സ്‌കൂളുകൾക്ക് സമീപമുള്ള സ്ഥലങ്ങളിലും റോഡുകളിലും മറ്റു വഹനങ്ങൾക്ക് തടസമില്ലാതിരിക്കാൻ ഡ്രൈവർ ശ്രദ്ധിക്കണം. ഡ്രൈവർമാർക്കും ബസ് അറ്റൻഡർമാർക്കും പ്രത്യേക പരിശീലനവും ആർ.ടി.എ നൽകും.