നടപടികൾ വിജയം കണ്ടു; യുഎഇയിൽ റോഡപകടങ്ങൾ കുറഞ്ഞതായി പഠനം
|പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു
കഴിഞ്ഞ പത്ത് വർഷത്തിനിടെ യു.എ.ഇയിൽ റോഡപകട മരണങ്ങൾ കുത്തനെ കുറഞ്ഞതായി പഠനം. ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്റെ പ്രസിദ്ധീകരണമായ 'ഇൻജുറി പ്രിവൻഷ'ന്റെ ഗവേഷണമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എ.ഇ സർക്കാറിന്റെ ഔദ്യോഗിക വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം പൂർത്തിയാക്കിയത്.
റോഡപകടമരണങ്ങൾ 2010ൽ 1ലക്ഷം പേർക്ക് 10 എന്ന തോതിൽ ആയിരുന്നു. 2015ൽ ഇത് 7.4 ആയും 2019ൽ 3.5 ആയുമാണ് കുറഞ്ഞത്. സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ വിജയമാണ്സർവെ ഫലം വെളിപ്പെടുത്തുന്നതെന്ന്വിലയിരുത്തപ്പെടുന്നു.
വിവിധ ട്രാഫിക് നിയന്ത്രണ നടപടികൾ, ബോധവൽകരണ കാമ്പയിനുകൾ, വാഹന സുരക്ഷ വർധിപ്പിച്ചത് എന്നിവ റോഡപകടങ്ങൾ കുറയുന്നതിന് സഹായിച്ചിട്ടുണ്ട്. വേഗത്തിലുള്ള ഡ്രൈവിങ്, അകലം പാലിക്കാതെയുള്ള ഡ്രൈവിങ്, സെൽഫോൺ ഉപയോഗം, മറ്റ് തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ് എന്നിവ നിയന്ത്രിക്കാൻ സഹായിച്ചുവെന്ന് പഠനം പറയുന്നു. അൽ ഐനിലെ യു.എ.ഇ യൂനിവേഴ്സിറ്റി മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസ് കോളേജിലെ ഒരു സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്.
മരണനിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് മാത്രമല്ല, പരിക്കേറ്റവരുടെ എണ്ണത്തിലും കുറവുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. യു.എ.ഇ സർക്കാർ നടപ്പിലാക്കിയ വിഷൻ 2021 എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് സുരക്ഷാ കാമ്പയിനുകളും പ്രവർത്തനങ്ങളും നടപ്പിലാക്കിയത്. യു.എ.ഇയിൽ 2007ലും 2017ലും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കിയിരുന്നു. പിന്നീടുള്ള വർഷം ബ്ലാക്ക് പോയിന്റ് സംവിധാനം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞു.