സുൽത്താൻ അൽ നിയാദി പൂർണ ആരോഗ്യവാൻ; തിങ്കളാഴ്ച യു.എ.ഇയിലെത്തും
|നിയാദിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ യു.എ.ഇയിൽ പുരോഗമിക്കുകയാണ്
അബൂദബി: ബഹിരാകാശദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയ സുൽത്താൻ അൽ നിയാദി പൂർണ ആരോഗ്യവാൻ. തിങ്കളാഴ്ച യു.എ.ഇയിൽ തിരിച്ചെത്തുന്ന നിയാദിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. രാഷ്ട്ര നേതാക്കളുമായും നിയാദി കൂടിക്കാഴ്ച നടത്തും.
കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ ആരോഗ്യം വീണ്ടെടുക്കുന്നതിൽ നിയാദി വിജയം കൈവരിച്ചതായി മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ഫ്ലൈറ്റ് സർജൻ ഡോ. ഹനാൻ അൽ സുവൈദി പറഞ്ഞു. ഹൂസ്റ്റണിൽ അൽ നിയാദിയുടെ ചികിൽസക്കും മറ്റും മേൽനോട്ടം വഹിക്കുന്നത് ഡോ. ഹനാനാണ്. പുനരധിവാസവും ചികിൽസയും പരീക്ഷണങ്ങളും തുടരുന്ന തിരക്കിലാണ് നിയാദിയും സംഘവുമെന്ന് അവർ പറഞ്ഞു.
തിങ്കളാഴ്ച ജന്മ രാജ്യത്ത് തിരിച്ചെത്തുന്ന സുൽത്താൻ ഒരാഴ്ച ഇവിടെ ചെലവിടും. പിന്നീട് പരീക്ഷണങ്ങൾ തുടരുന്നതിന് ഹൂസ്റ്റണിലേക്ക് തന്നെ മടങ്ങും. തിരിച്ചെത്തുന്ന രാജ്യത്തിൻറെ അഭിമാനപുത്രന് സമുചിതസ്വീകരണം ഒരുക്കുന്നതിനുള്ള നീക്കം അന്തിമഘട്ടത്തിലാണ്. നേരത്തെ ഹസ്സ അൽ മൻസൂരിക്ക് നൽകിയതിന് സമാനമായ രീതിയിൽ ഗംഭീര സ്വീകരണ ചടങ്ങുകളാകും ഒരുക്കുക. രാഷ്ട്ര നേതാക്കളെ സന്ദർശിക്കൽ, ദൗത്യ വിജയാഘോഷം, പൊതുജനങ്ങളുമായുള്ള സംവാദം, ജന്മനാടായ അൽ ഐനിൽ പ്രത്യേകസ്വീകരണം എന്നിവയാണ് പ്രധാന ചടങ്ങുകൾ.