ചരിത്ര നിമിഷം; സുൽത്താൻ അൽ നിയാദി സ്പേസ് സ്റ്റേഷനിൽ
|ഇതോടെ ആറുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിന് തുടക്കമായി
യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി. യു.എ.ഇ സമയം രാവിലെ 11.25നാണ് യാത്രികരെ വഹിക്കുന്ന പേടകം സ്പേസ് സ്റ്റേഷനിലെത്തിയത്. ഭൂമിയിൽ നിന്ന് പുറപ്പെട്ട് 25 മണിക്കൂറിന് ശേഷം നിശ്ചയിച്ചതിലും അൽപം വൈകിയാണ് സ്പേസ് എക്സിൻറെ ഡ്രാഗൺ പേടകം എത്തിയത്. ഉച്ചക്ക് 12.40ഓടെ പേടകത്തിൽ നിന്ന് സംഘം നിലയത്തിൽ പ്രവേശിച്ചു. ഇതോടെ ആറുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിന് തുടക്കമായി.
ബഹിരാകാശത്ത് നടക്കാനും അൽ നിയാദി പദ്ധതിയിടുന്നതായി അധികൃതർ സൂചന നൽകി. അങ്ങനെയെങ്കിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന അറബ് വംശജൻ എന്ന റെക്കോർഡും സ്വന്തം പേരിലാക്കാൻ അദ്ദേഹത്തിന് കഴിയും. അറബിയിലും ഇംഗ്ലീഷിലുമായി സംസാരിച്ച അൽ നിയാദി തൻറെ ദൗത്യത്തിൽ സഹായിച്ച എല്ലാവർക്കും നന്ദിയറിയിച്ചു.
'നാസ'യുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവിങ്, പൈലറ്റ് വൂഡി ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫിദ്യാവേവ് എന്നിവരാണ് അൽ നിയാദിക്ക് ഒപ്പമുള്ളത്. ഇവരിൽ സ്റ്റീഫൻ ബോവിങ് 11വർഷം മുമ്പ് ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും.