ഐ.എം.എഫ് സമ്മേളനത്തിന് പിന്തുണ; ഖത്തർ അമീറുമായി സംസാരിച്ച് യുഎഇ പ്രസിഡന്റ്
|ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും സഹകരിക്കാവുന്ന മേഖലകളെ കുറിച്ചും ഇരുവരും ചർച്ച നടത്തി.
അന്താരാഷ്ട്ര നാണയ നിധിയുടെയും ലോകബാങ്കിന്റെയും 2026ലെ യോഗത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് യുഎഇയുടെ പിന്തുണ. മേഖലയിൽ നടക്കുന്ന സുപ്രധാന അന്താരാഷ്ട്ര സമ്മേളനം വിജയിക്കാൻ യുഎഇക്കു പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഫോണിൽ സംസാരിച്ചാണ് ഐ.എം.എഫ് സമ്മേളനത്തിന് പിന്തുണ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും സഹകരിക്കാവുന്ന മേഖലകളെ കുറിച്ചും ഇരുവരും ചർച്ച നടത്തി.
ഇരു രാജ്യങ്ങളും നേരിടുന്ന സമാന വെല്ലുവിളികൾ സംബന്ധിച്ചും വിലയിരുത്തൽ നടന്നു. രണ്ട് രാജ്യങ്ങളുടെയും സമൃദ്ധിക്കായി ഇരു നേതാക്കളും ഭാവുകങ്ങൾ നേർന്നു. ഐ.എം.എഫ്, വേൾഡ് ബാങ്ക് യോഗത്തിനായി യു.എ.ഇയും അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, യു.എ.ഇ അപേക്ഷ പിൻവലിച്ചതോടെയാണ് ഖത്തറിന് ആതിഥേയത്വം ലഭിച്ചത്.
ലോകകപ്പ് ഫുട്ബാൾ വിജയകരമായി നടത്താൻ സാധിച്ചത് ആഗോളതലത്തിൽ ഖത്തറിന് പുതിയ മുതൽക്കൂട്ടാണ്. യുഎഇ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങൾക്കും ലോകകപ്പിന്റെ പ്രയോജനം ലഭിച്ചിരുന്നു.