ലഹരിമരുന്ന് ഇടപാട് സംശയം: 200 ഓളം സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ദുബൈ പൊലീസ് മരവിപ്പിച്ചു
|ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംശയിക്കപ്പെട്ട 47 ശതമാനം കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു
യു.എ.ഇ: ലഹരിമരുന്ന് ഇടപാട് സംശയത്തെ തുടർന്ന് 200 ഓളം സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ദുബൈ പൊലീസ് മരവിപ്പിച്ചു . ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംശയിക്കപ്പെട്ട 47 ശതമാനം കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
നടപ്പുവർഷം ആദ്യ പാദത്തിലെ കണക്കുകളാണ് ദുബൈ പൊലിസ് പുറത്തുവിട്ടത്. ഈ കാലയളവിൽ 238 കിലോ ലഹരി മരുന്നും 60 ലക്ഷം ലഹരി ഗുളിഗകളും പിടിച്ചെടുത്തു. ദുബൈ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പൊലീസ് മേധാവി ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയാണ് കണക്കുകൾ അവതരിപ്പിച്ചത്.
ലഹരി മരുന്നിനെ പ്രോത്സാഹിപ്പിക്കുന്നതായി കരുതുന്ന 208 സാമൂഹിക മാധ്യമ അക്കൗണ്ടുകളാണ് വിലക്കിയത്. യു.എ.ഇയിൽ ആകെ കണ്ടെത്തിയ ലഹരി മരുന്നിന്‍റെ 36 ശതമാനവും ദുബൈ പൊലീസാണ് പിടികൂടിയത്. കൊക്കൈൻ, ഹെറോയിൻ, ക്രിസ്റ്റൽ മിത്ത്, കറുപ്പ്, കഞ്ചാവ്, ഹാഷിഷ് തുടങ്ങിയവ പിടിച്ചെടുത്തതിൽപെടുന്നു.
ഇതിന് പുറമെ രാജ്യാന്തര തലത്തിൽ നടന്ന ലഹരിമരുന്ന് വേട്ടക്കും ദുബൈ പൊലീസ് പിന്തുണ നൽകി. ദുബൈ പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് 65 പേരെ ഈ വർഷം ആദ്യ പാദത്തിൽ പിടികൂടി. ഇതുമുഖേന കൊക്കൈൻ, കഞ്ചാവ്, ഹെറോയിൻ ഉൾപെടെ 842 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു.