ഇന്ത്യ-പാക് മത്സരടിക്കറ്റിന് വൻ ഡിമാൻഡ്; തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റ് നൽകി കമ്പനി
|ദുബായിലെ ഇന്ത്യ-പാക്ക് മത്സരത്തിന്റെ ടിക്കറ്റുകളും വേഗം വിറ്റു തീർന്നു.
യു.എ.ഇയിൽ പുരുഷ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം കാണാൻ ഡാന്യൂബ് കമ്പനി നൂറ് തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റ് നൽകി. യുഎഇയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് പ്രേമിയും ഡാന്യൂബ് വൈസ് ചെയർമാനുമായ അനിസ് സാജൻ ഇതിനു പുറമേ ഇന്ത്യയുടെ ലീഗ് റൗണ്ടിലെ അവസാന മത്സരം കാണാൻ നൂറു ടിക്കറ്റുകൾ കൂടി നൽകും. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ മത്സരം കാണാനും നൂറ് ടിക്കറ്റ് നൽകുന്നുണ്ട്. ടിക്കറ്റിനുള്ള വൻ ഡിമാൻഡ് മൂലം ഇന്ത്യയിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു.
ബസുകളിൽ സ്റ്റേഡിയം വരെ തൊഴിലാളികളെ എത്തിച്ച് ആഹാര പായ്ക്കറ്റുകളും നൽകും. ഉച്ചകഴിഞ്ഞ് അവധിയും അനുവദിച്ചു. ഇന്ത്യ-പാക്ക് മത്സരം കാണാൻ അവസരം ലഭിക്കാത്ത സാധുക്കളായ തൊഴിലാളികൾക്ക് അവസരമൊരുക്കാനാണിതെന്നും ടിക്കറ്റ് ലഭിച്ചപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നെന്നു അനിസ് സാജൻ പറഞ്ഞു. സ്റ്റേഡിയങ്ങളിൽ കളികാണാൻ പോകാൻ സാധിക്കാത്തവർക്കായി കമ്പനിയുടെ സംഭരണ ശാലകളിൽ വമ്പൻ സ്ക്രീനുകൾ ക്രമീകരിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് ഇഷ്ടമുള്ള ടീമിന്റെ ജഴ്സികളും തൊപ്പികളും വിതരണം ചെയ്യാനും പദ്ധതിയുണ്ട്.
ഈഡൻ ഗാർഡൻസിൽ 2016 മാർച്ച് 19നാണ് ഇന്ത്യ- പാക്ക് മത്സരം അവസാനമായി നടന്നത്. അന്ന് ആറു വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. ദുബായിലെ ഇന്ത്യ-പാക്ക് മത്സരത്തിന്റെ ടിക്കറ്റുകളും വേഗം വിറ്റു തീർന്നു. ടിക്കറ്റിനുള്ള വൻ ഡിമാൻഡ് മൂലം ഇന്ത്യയിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു.
ട്വൻറി20 ലോകകപ്പിന്റെ സൂപ്പർ പോരാട്ടങ്ങൾക്ക് ശനിയാഴ്ച തുടക്കമാവും. യു.എ.ഇയിലെ ദുബൈ, അബൂദബി, ഷാർജ അന്താരാഷ്ട്ര സ്റ്റേഡിയങ്ങൾ ആതിഥ്യം വഹിക്കുന്ന സൂപ്പർ 12 റൗണ്ട് മത്സരങ്ങൾക്ക് ശനിയാഴ്ച ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക നേരങ്കത്തോടെയാണ് തുടക്കമാവുക. ഗ്രൂപ് ഒന്നിൽ ഇംഗ്ലണ്ട്, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയും രണ്ടിൽ ഇന്ത്യ, പാകിസ്താൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്താൻ, സ്കോട്ലൻഡ്, നമീബിയ എന്നിവയുമാണുള്ളത്. ഇരു ഗ്രൂപ്പുകളിലും മുന്നിലെത്തുന്ന ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറും. നവംബർ 14നാണ് ഫൈനൽ.