![Taliban banned the travel of female students who got admission in Dubai University Taliban banned the travel of female students who got admission in Dubai University](https://www.mediaoneonline.com/h-upload/2023/08/24/1385435-untitled-1.webp)
ദുബൈ യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം ലഭിച്ച വിദ്യാർഥിനികളുടെ യാത്ര വിലക്കി താലിബാൻ
![](/images/authorplaceholder.jpg?type=1&v=2)
ദുബൈയിലേക്ക് പുറപ്പെടാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ വിദ്യാർഥിനികളെ സർക്കാർ അവസാന നിമിഷം തിരിച്ചയക്കുകയായിരുന്നു
അഫ്ഗാനിൽ നിന്ന് ദുബൈ യൂനിവേഴ്സിറ്റികളിൽ പ്രവേശനം ലഭിച്ച 100 വിദ്യാർഥിനികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. ദുബൈയിലേക്ക് പുറപ്പെടാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ വിദ്യാർഥിനികളെ സർക്കാർ അവസാന നിമിഷം തിരിച്ചയക്കുകയായിരുന്നു.
അഫ്ഗാൻ വിദ്യാർഥിനികളെ താലിബാൻ വിലക്കിയ കാര്യം പ്രമുഖ ഇമാറാത്തി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഖലാഫ് അഹമ്മദ് അൽ ഹബ്ത്തൂർ ആണ് അറിയിച്ചത്. അഫ്ഗാനിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 വിദ്യാർഥിനികൾക്ക് ദുബൈ യൂനിവേഴ്സിറ്റികളിൽ ഉന്നത പഠനത്തിനായി അൽ ഹബ്തൂർ ഗ്രൂപ്പ് കഴിഞ്ഞ ഡിസംബറിൽ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ഈ വിദ്യാർഥിനികളെയാണ് താലിബാൻ സർക്കാർ വിലക്കിയത്.
ദുബൈയിലെ പ്രമുഖ യൂനിവേഴ്സിറ്റികളിൽ സ്കോളർഷിപ്പ് ഉറപ്പു വരുത്തി വിദ്യാർഥിനികളുടെ വരവിനായി ആകാംഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് പ്രതികൂല വാർത്ത ലഭിച്ചതെന്ന് . അഹ്മദ് അൽ ഹബ്ത്തൂർ പറഞ്ഞു.
താലിബാന്‍റെ നടപടി മനുഷ്യത്വത്തിനും വിദ്യാഭ്യാസത്തിനും നീതിക്കും തുല്യതക്കും എതിരായ പ്രവൃത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി