UAE
നികുതിവെട്ടിപ്പ്: സഞ്ജയ്​ ഷായെ ഡെൻമാർക്കിന്​ കൈമാറാമെന്ന്​ ദുബൈ കോടതി
UAE

നികുതിവെട്ടിപ്പ്: സഞ്ജയ്​ ഷായെ ഡെൻമാർക്കിന്​ കൈമാറാമെന്ന്​ ദുബൈ കോടതി

Web Desk
|
29 Dec 2022 6:03 PM GMT

അടുത്തിടെ സഞ്ജയ്​ ഷായ്ക്ക്​ 10,000 കോടി രൂപ ദുബൈ കോടതി പിഴ വിധിച്ചിരുന്നു

ദുബൈ: നികുതിവെട്ടിപ്പ്​ നടത്തിയ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ്​ പൗരൻ സഞ്ജയ്​ ഷായെ ഡെൻമാർക്കിന്​ കൈമാറാമെന്ന്​ ദുബൈ കോടതി. ദുബൈ പാം ജുമൈറയിൽ താമസിച്ചിരുന്ന സഞ്ജയ്​ ഷായെ അഞ്ച്​ മാസം മുൻപ്​ ദുബൈ പൊലീസ്​ അറസ്റ്റ്​ ചെയ്തിരുന്നു. അടുത്തിടെ ഇയാൾക്ക്​ 125 കോടി ഡോളർ അഥവാ 10,000 കോടി രൂപ ദുബൈ കോടതി പിഴ വിധിച്ചിരുന്നു.

ഡാനിഷ്​ കമ്പനിയിൽ ഓഹരിയുണ്ടെന്ന്​ തെറ്റിദ്ധരിപ്പിച്ച്​ 170 കോടി ഡോളറിന്‍റെ നികുതിവെട്ടിപ്പ്​ നടത്തിയെന്നാണ്​ സഞ്​ജയ്​ ഷാക്കെതിരായ കേസ്​. 2012 മുതൽ മൂന്ന്​ വർഷം തുടർച്ചയായി നികുതി റീ ഫണ്ട്​ കൈപ്പറ്റിയെന്നാണ്​ കുറ്റം​. നികുതി വെട്ടിപ്പ്​ നടത്തി ഡെൻമാർക്കിൽ നിന്ന്​ മുങ്ങിയ ഷാ ദുബൈയിലെത്തുകയായിരുന്നു. 2018ൽ ഡെൻമാർക്ക്​ സർക്കാർ ഇയാൾക്കെതിരെ ദുബൈയിൽ കേസ്​ ഫയൽ ചെയ്തു. 190 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നും ഷായെ വിട്ടുനൽകണമെന്നുമായിരുന്നു ഡെൻമാർക്കിന്‍റെ ആവശ്യം. 125 കോടി ഡോളർ ഫൈൻ വിധിച്ച കോടതി ഇയാളെ വിട്ടുനൽകാൻ കഴിയില്ലെന്ന്​ അറിയിച്ചിരുന്നു. ഔദ്യോഗിക രേഖകളുടെ അഭാവം ചൂണ്ടിക്കാണിച്ചാണ്​ കോടതി ഇയാളെ കൈമാറാൻ വിസമ്മതിച്ചത്​. ഇതിനെതിരെ ദുബൈ അറ്റോണി ജനറൽ എസ്സം ഇസാ അൽ ഹുമൈദാൻ അപ്പീൽ നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ഷായെ കൈമാറിയത്​. കഴിഞ്ഞ മാർച്ചിൽ തടവുകാരെ കൈമാറുന്നത്​ സംബന്ധിച്ച്​ യു.എ.ഇയും ഡെൻമാർക്കും തമ്മിൽ കരാർ ഒപ്പുവെച്ചിരുന്നു.

അതേസമയം ഡെൻമാർക്കിന്​ വിട്ടുകൊടുക്കാനുള്ള കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന്​ ഷായുടെ അഭിഭാഷകൻ അലി അൽ സറൂനി പറഞ്ഞു. അപ്പീൽ നൽകാൻ 30 ദിവസം സമയമുണ്ട്​.

Similar Posts