ഏറ്റവും വലിയ വഴിയടയാള സൂചന; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ദുബൈ
|ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ഹത്തയിലെ ലാൻഡ്മാർക്ക് സൈനാണ് പുതിയ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ മാത്രമല്ല, ഏറ്റവും ഉയരമുള്ള വഴിയടയാള സൂചനക്കുള്ള റെക്കോർഡും ഇനി ദുബൈക്ക് സ്വന്തം. ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ഹത്തയിലെ ലാൻഡ്മാർക്ക് സൈനാണ് പുതിയ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.
ഒമാനോട് ചേർന്ന് കിടക്കുന്ന ദുബൈയുടെ മലയോര പ്രദേശമായ ഹത്തയിൽ സ്ഥാപിച്ച ഈ വഴിയടയാളമാണ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്. 19.28 മീറ്റർ ഉയരമുണ്ട് ഇതിന്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ലാൻഡ്മാർക്ക് സൈനാണിത്. ലോക പ്രശസ്തമായ ഹോളിവുഡ് ലാൻഡ് മാർക്ക് സൈനിന് 13.7 മീറ്റർ മാത്രമാണ് ഉയരമുള്ളത്. ഹത്തയിൽ നടന്ന ചടങ്ങിൽ ഗിന്നസ് ബുക്ക് അധികൃതർ ദുബൈ ഹോൾഡിങിന് റെക്കോർഡ് ഔദ്യോഗികമായി കൈമാറി.
അണകെട്ടുകളും, തോട്ടങ്ങളുമുള്ള ഹത്ത മേഖലയിൽ വൻ വികസനമാണ് ദുബൈ സർക്കാർ നടപ്പാക്കുന്നത്. വിനോദ കേന്ദ്രങ്ങൾ, വാട്ടർതീം പാർക്കുകൾ, സിപ് ലൈനുകൾ എന്നിങ്ങനെ വിവിധ സൗകര്യങ്ങളാണ് ഹത്തയിൽ അടുത്തിടെ സഞ്ചാരികൾക്കായി തയാറാക്കിയിട്ടുള്ളത്.