എമിറേറ്റ്‌സ് ഐഡി രജിസ്‌ട്രേഷൻ ഫോം പുനർരൂപകൽപ്പന ചെയ്തു
|അപേക്ഷാ പ്രക്രിയ സുഗമവും കൂടുതൽ കാര്യക്ഷമവുമാക്കാനാണ് പുതിയ മാറ്റം
യു.എ.ഇയിൽ എമിറേറ്റ്‌സ് ഐഡി രജിസ്‌ട്രേഷൻ ഫോം പുനർരൂപകൽപ്പന ചെയ്തു. ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐ.സി.പി)യാണ് പുതിയ എമിറേറ്റ്‌സ് ഐഡി രജിസ്‌ട്രേഷൻ ഫോം അവതരിപ്പിച്ചത്.
അപേക്ഷാനടപടികൾ സുഗമവും കൂടുതൽ കാര്യക്ഷമവുമാക്കുന്നതിനായാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. അതോറിറ്റിയുടെ 'വിഷ്വൽ ഐഡന്റിറ്റി'ക്ക് അനുസൃതമായാണ് പുതിയ രജിസ്‌ട്രേഷൻ ഫോമിന്റെ രൂപകൽപ്പന.
അപേക്ഷകരുടെ ഫോട്ടോയുടെ സ്ഥാനം ഇനിമുതൽ ഫോമിന്റെ മുകളിൽ ഇടതുവശത്തായിരിക്കും. ഫോമിന്റെ മുകളിൽ വലതുവശത്തുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യാൻ സൗകര്യമുണ്ടാകും.
അപേക്ഷാനടപടിയുടെ അടുത്ത ഘട്ടം ഫോമിന്റെ ഒരു പ്രത്യേക ഭാഗത്ത് വിശദീകരിച്ചിട്ടുണ്ട്. കാർഡ് ഡെലിവർ ചെയ്യുന്ന കമ്പനിയുടെ പേര് ഫോമിന്റെ താഴെ ഇടതുവശത്ത് വിലാസമടക്കം സൂചിപ്പിക്കും.
ഐ.സി.പിയിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനവും ക്യുആർ കോഡ് രൂപത്തിൽ ഫോമിൽ ചേർത്തിട്ടുണ്ട്. കൂടാതെ ഉപഭോക്താവിന് ഫിംഗർ അപ്പോയിന്റ്‌മെന്റ് തീയതി മാറ്റാനുള്ള സൗകര്യവും ക്യുആർ കോഡ് മുഖേന ഒരുക്കിയിട്ടുണ്ട്.