ഗ്രാമങ്ങളുടെ മുഖച്ഛായ മാറും; 39 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി ദുബൈ
|അര്‍ബന്‍ പ്ലാന്‍ 2040ന്റെ ഭാഗമായാണ് ഗ്രാമവികസന പദ്ധതി
ദുബൈ: ദുബൈയിലെ ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റാനുള്ള സമഗ്ര പദ്ധതിക്ക് അംഗീകാരം നൽകി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ. ടൂറിസം മേഖലയുടെ വളർച്ച കൂടി ലക്ഷ്യമിട്ട് 37 പുതിയ പദ്ധതികൾക്കാണ് ഗവൺമെന്റ് അംഗീകാരം നൽകിയത്. ദുബൈ അർബൻ പ്ലാൻ 2040ന്റെ ഭാഗമായാണ് പുതിയ ഗ്രാമവികസന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. മരുഭൂ ടൂറിസം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സൈഹ് അസ്സലാം പാതയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഗ്രാമമേഖലയിലൂടെ നൂറു കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണിത്. വാഹനങ്ങൾക്ക് പുറമേ, റോഡിനിരുവശവും സൈക്കിൾ ട്രാക്കുമുണ്ടാകും. 2040 ഓടെ മുപ്പത് ലക്ഷം സഞ്ചാരികൾ പ്രതിവർഷം പാതയിലെത്തുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ. വികസനം മേഖലയിൽ വലിയ നിക്ഷേപങ്ങൾക്കും വഴിയൊരുക്കും. 37 പദ്ധതികൾക്കുമായി 39 കോടി ദിർഹമാണ് ചെലവു പ്രതീക്ഷിക്കുന്നത്.
അൽ ഖുദ്റ തടാകത്തിനടുത്താണ് സൈഹ് അസ്സലാം പാതയുടെ പ്രധാന സ്റ്റേഷൻ നിർമിക്കുക. ഇവിടെ പരമ്പരാഗത മാർക്കറ്റും സ്ഥാപിക്കും. മരുഭൂമിയിൽ ക്യാംപ് ചെയ്ത് പ്രകൃതിഭംഗി ആസ്വദിക്കാനുള്ള സൗകര്യങ്ങളുമുണ്ടാകും. ഫ്ളമിംഗോ തടാകത്തിനടുത്ത് നിർമിക്കുന്ന വൈൽഡ് ലൈഫ് സ്റ്റേഷൻ, എക്സ്പോ 2020 താടകത്തിനടുത്ത് സ്ഥാപിക്കുന്ന അഡ്വഞ്ചർ സ്റ്റേഷൻ, അൽ മർമൂം ഒട്ടക ഫാമിനടുത്ത് സ്ഥാപിക്കുന്ന കൾച്ചറൽ എക്സ്പീരിയൻസ് സ്റ്റേഷൻ, മരുഭൂമിക്ക് അകത്തെ ഡിസേർട്ട് അഡ്വഞ്ചർ സ്റ്റേഷൻ എന്നിവയാണ് പദ്ധതിയിലെ മറ്റു നാലു സ്റ്റേഷനുകൾ. ഓരോ സ്റ്റേഷനുകളിലും വ്യത്യസ്ത തരം ആസ്വാദനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.