UAE
The first Ramadan program was organized at the newly opened Baps Hindu Mandir in Abu Dhabi.
UAE

അബൂദബി ഹിന്ദു മന്ദിറിന്റെ ആദ്യ റമദാൻ പരിപാടി; മന്ത്രിമാരും മതനേതാക്കളുമടക്കം നിരവധി പേരെത്തി

Web Desk
|
3 April 2024 8:52 AM GMT

'ഓംസിയത്ത്' എന്ന പേരിലാണ് ഹൈന്ദവ ക്ഷേത്രത്തിലെ സന്നദ്ധപ്രവർത്തകർ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചത്

അബൂദബിയിൽ പുതുതായി തുറന്ന ബാപ്‌സ് ഹിന്ദു മന്ദിറിൽ ആദ്യ റമദാൻ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ വിവിധ മത-സാംസ്‌കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചു. 'ഓംസിയത്ത്' എന്ന പേരിലാണ് അബൂദബി-ദുബൈ ഹൈവേയിൽ അബു മുറൈഖ പ്രദേശത്തെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ക്ഷേത്രത്തിലെ സന്നദ്ധപ്രവർത്തകർ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചത്. ഖലീജ് ടൈംസ്.കോമടക്കം ഈ ചടങ്ങ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിമനോഹരമായ വാസ്തുവിദ്യാ വിസ്മയമായ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സർവമത പരിപാടിയിൽ യു.എ.ഇ മന്ത്രിമാർ, റബ്ബി, വികാരി, ബോറ, സിഖ് എന്നിങ്ങനെ വിവിധ മതപുരോഹിതന്മാർ, ഗവൺമെൻറ് വകുപ്പുകളുടെ തലവന്മാർ, അംബാസഡർമാർ, നയതന്ത്രജ്ഞർ, സമുദായ നേതാക്കൾ, കലാകാരന്മാർ, സംരംഭകർ, വിദേശ അതിഥികൾ തുടങ്ങിയവർ പങ്കെടുത്തു.

സഹിഷ്ണുതയും സഹവർത്തിത്വവും വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ, വിദേശ വ്യാപാര സഹമന്ത്രി ഡോ താനി ബിൻ അഹമ്മദ് അൽ സെയൂദി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് ചെയർമാൻ ഡോ മുഗീർ ഖാമിസ് അൽ ഖൈലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൊതുസഹകരണത്തിനപ്പുറം ഭിന്നതയും കലഹവും മൂലം തകർന്ന ലോകത്ത് പ്രത്യേകവും സുശക്തവുമായ ബന്ധമാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ളതെന്ന് ഷെയ്ഖ് നഹ്‌യാൻ പറഞ്ഞു.

'ഇന്ത്യ-യുഎഇ ബന്ധം പല പൊതു താൽപര്യങ്ങളിലും മൂല്യങ്ങളിലും അധിഷ്ഠിതമാണ്. ഇന്ത്യയിലെ ജനങ്ങളുമായുള്ള സൗഹൃദം ഞങ്ങൾ വിലമതിക്കുന്നു, ഇപ്പോളും ഭാവിയിലും ഈ അത്ഭുതകരമായ ബന്ധം മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും ഞങ്ങൾ പ്രതീക്ഷിക്കുന്നു'' അദ്ദേഹം പറഞ്ഞു. വിശുദ്ധ മാസത്തിൽ സർവമത സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചതിന് ഷെയ്ഖ് നഹ്‌യാൻ ബാപ്‌സ് സൻസ്തയെ പ്രശംസിക്കുകയും ചെയ്തു.

'യു.എ.ഇ.യിൽ ജീവിക്കാനും പ്രവർത്തിക്കാനുമുള്ള നമ്മുടെ ഭാഗ്യത്തെക്കുറിച്ച് ഒരുമിച്ച് ചിന്തിക്കാനുള്ള മികച്ച അവസരമാണിത്. രാജ്യത്തെ സമാധാനം, സഹിഷ്ണുത, മാനുഷിക സാഹോദര്യം, മതസൗഹാർദം എന്നിവയുടെ പ്രാധാന്യത്തെ അഭിനന്ദിക്കാനുള്ള അവസരം കൂടിയാണിത്' ഷെയ്ഖ് നഹ്‌യാൻ പറഞ്ഞു.

യുഎഇ നേതാക്കളുടെയും മന്ത്രിമാരുടെയും നിരന്തരമായ സ്‌നേഹത്തിനും പിന്തുണയ്ക്കും ബാപ്‌സ് സൻസ്തയിൽ നിന്ന് ക്ഷേത്ര പദ്ധതിക്ക് നേതൃത്വം നൽകിയ സ്വാമി ബ്രഹ്‌മവിഹാരിദാസ് നന്ദി പറഞ്ഞു.

'ഇത് അച്ചടക്കത്തിന്റെയും ആത്മപരിശോധനയുടെയും മാസമാണ്. ഞങ്ങളുടെ നന്ദിയും ഔദാര്യവും പ്രകടിപ്പിക്കാനുള്ള മാസമാണിത്. ആത്മാർത്ഥമായ വികാരങ്ങളുടെയും സൗഹൃദത്തിന്റെയും മാസം കൂടിയാണിത്. നിങ്ങൾ അനുഷ്ഠിച്ച എല്ലാ വ്രതങ്ങളുടെയും, നിങ്ങൾ അനുഷ്ഠിച്ച എല്ലാ ആചാരങ്ങളുടെയും ചടങ്ങുകളുടെയും പ്രാർത്ഥനകളുടെയും എല്ലാ അനുഗ്രഹങ്ങളും ഇന്ന് ഈ പരിസരത്ത് സമ്മേളിച്ചതായി എനിക്ക് തോന്നുന്നു' സ്വാമി ബ്രഹ്‌മവിഹാരിദാസ് ചടങ്ങിൽ പറഞ്ഞു.

യു.എ.ഇ.യിലെ ബഹുസാംസ്‌കാരിക പശ്ചാത്തലത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയും മതിപ്പും വളർത്തിയെടുക്കുന്നതായിരുന്നു വിവിധ മതപ്രതിനിധികളുടെ സംഗമം. പാരമ്പര്യ സാംസ്‌കാരിക പരിപാടികൾ നടന്ന ചടങ്ങിൽ ബാപ്‌സ് സന്നദ്ധപ്രവർത്തകർ വിഭവസമൃദ്ധമായ സസ്യാഹാരം വിളമ്പി.

2024 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അബുദാബിയിലെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. 'ഐക്യത്തിന്റെ ആഘോഷം' എന്നായിരുന്നു ഉദ്ഘാടന ചടങ്ങിന് പേര് നൽകിയത്. 27 ഏക്കർ സ്ഥലത്ത് 700 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രം നിർമിച്ചത്.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: ഖലീജ് ടൈംസ്‌

Similar Posts