UAE
പുതുവത്സര രാവിനെ വരവേൽക്കാനൊരുങ്ങി ആഗോള ഗ്രാമം
UAE

പുതുവത്സര രാവിനെ വരവേൽക്കാനൊരുങ്ങി ആഗോള ഗ്രാമം

Web Desk
|
15 Dec 2022 6:29 PM GMT

ഒരു രാത്രി മുഴുവൻ പ്രധാന സ്റ്റേജിലും പാർക്കിന് ചുറ്റും ആകാശത്തും ടൺ കണക്കിന് വിനോദങ്ങളാണ് ഒരുക്കുന്നതെന്ന് ഗ്ലോബൽ വില്ലേജ് വിനോദ വിഭാഗം ഡയറക്ടർ ഷൗൻ കോർണൽ

ദുബൈ: ആയിരങ്ങളുടെ ആഘോഷ നഗരിയായ ഗ്ലോബൽ വില്ലേജിൽ പുതുവത്സര രാവിൽ വിപുലമായ പരിപാടികൾ. വിവിധ രാജ്യങ്ങളിൽ പുതുവത്സരപ്പിറവികൾ സംഭവിക്കുന്ന സമയത്ത് പ്രത്യേകം പ്രത്യേകമായ ആഘോഷങ്ങളാണ് ഇത്തവണയും ആഗോള ഗ്രാമത്തിൽ ഒരുക്കിയിരിക്കുന്നത്. രാത്രി എട്ടു മണിക്കാണ് ആഘോഷങ്ങളുടെ തുടക്കം. ഫിലിപ്പീൻസിൽ പുതുവർഷം പിറക്കുന്ന സമയത്ത് പ്രധാനവേദിയിൽ ആഘോഷാരവങ്ങൾ ഉയരും.

9 മണിക്ക് തായ്‌ലാൻഡ്, 10ന് ബംഗ്ലാദേശ്, 10.30ന് ഇന്ത്യ, 11ന് പാകിസ്താൻ, 12ന് യു.എ.ഇ എന്നിങ്ങനെ ഓരോ രാജ്യത്തെയും പുതുവത്സര പിറവികൾ ആഗോള ഗ്രാമത്തിൽ ആഘോഷിക്കും. ഒരു മണിക്ക് തുർക്കിയുടെ ആഘോഷത്തോടെയാണ് സമാപിക്കുക. ഓരോ പുതുവത്സര പിറവിക്കും കൗണ്ട്ഡൗണും ഗ്ലോബൽ വില്ലേജ് ഒരുക്കുന്ന പ്രത്യേക വെടിക്കെട്ടും ഉണ്ടായിരിക്കും. ഇതിലൂടെ രാവ് പൂർണമായും ആഘോഷമായി മാറുമെന്ന് അധികൃതർ പറഞ്ഞു.

ഒരു രാത്രി മുഴുവൻ പ്രധാന സ്റ്റേജിലും പാർക്കിന് ചുറ്റും ആകാശത്തും ടൺ കണക്കിന് വിനോദങ്ങളാണ് ഒരുക്കുന്നതെന്ന് ഗ്ലോബൽ വില്ലേജ് വിനോദ വിഭാഗം ഡയറക്ടർ ഷൗൻ കോർണൽ പറഞ്ഞു. ഡിസംബർ 31 ശനിയാഴ്ച ഗ്ലോബൽ വില്ലേജ് സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായി മാറ്റി വെച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് പുലർച്ചെ 2വരെയാണ് പുതുവത്സര രാവിൽ ആഗോളഗ്രാമം തുറന്നുപ്രവർത്തിക്കുക.

Similar Posts