UAE
അബൂദബിയിലെ താമസ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ; പിഴപ്പേടിയില്‍ ജനങ്ങള്‍
UAE

അബൂദബിയിലെ താമസ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ; പിഴപ്പേടിയില്‍ ജനങ്ങള്‍

Web Desk
|
29 Dec 2022 5:39 PM GMT

ഒരേ കെട്ടിടത്തിൽ കൂടുതൽ പേർ തങ്ങുന്നത്​ അനുവദിക്കില്ലെന്നാണ്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്

ദുബൈ: അബൂദബിയിലെ താമസ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ അറിയിച്ചതോടെ ആശങ്കയേറി. തുച്ഛമായ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ബാച്ചിലേഴ്‌സിനും കുടുംബങ്ങള്‍ക്കുമെല്ലാം ഉയർന്ന കെട്ടിട വാടക പ്രയാസം സൃഷ്ടിക്കുന്നുണ്ട്​. ഒരേ കെട്ടിടത്തിൽ കൂടുതൽ പേർ തങ്ങുന്നത്​ അനുവദിക്കില്ലെന്നാണ്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​.

ജീവിതച്ചെലവില്‍ നിന്ന് രക്ഷ നേടാന്‍ വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കുന്ന പ്രവാസികൾ കുറഞ്ഞ വാടകയിൽ താമസം ലഭ്യമാക്കാനാണ്​ ശ്രമിക്കാറ്​. ഒരു ഫ്‌ളാറ്റില്‍ രണ്ടോ അധികമോ കുടുംബങ്ങള്‍ താമസിക്കുന്നത് കുറഞ്ഞ വരുമാനക്കാര്‍ക്കിടയില്‍ സാധാരണമാണ്. എന്നാൽ അനുമതി കൂടാതെ ഒരേ കെട്ടിടത്തില്‍ രൂപമാറ്റം വരുത്തി കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നത് 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുന്ന കുറ്റമാണെന്ന്​ നഗരസഭ മുന്നറിയിപ്പ്​ നൽകി. ജനുവരി ഒന്നുമുതല്‍ പരിശോധന ഊര്‍ജിതമാക്കുമെന്നും അധികൃതര്‍ അറിയിച്ചത് തുച്ഛവരുമാനക്കാരായ കുടുംബങ്ങളെ ആശങ്കയിലാക്കുന്നു.

സ്വദേശികളുടെ പേരിലുള്ള വില്ലകള്‍ എടുത്ത് അനുമതിയില്ലാതെ വിഭജിച്ചും കൂട്ടിച്ചേര്‍ത്തും നിരവധി പേരാണ് വാടകയ്ക്കു നല്‍കുന്നത്. ഇതിനായി റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളും സജീവമാണ്. 'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്വം' എന്ന പേരില്‍ നടത്തുന്ന ബോധവല്‍ക്കരണ കാംപയിന്‍റെ ഭാഗമായിട്ടാണ് നഗരസഭ നടപടി ശക്തമാക്കുന്നത്. കുടുംബ താമസ കേന്ദ്രങ്ങളില്‍ ബാച്ച്‌ലേഴ്‌സ് താമസിക്കുന്നതും കെട്ടിടത്തിന്‍റെ ശേഷിയേക്കാള്‍ കൂടുതല്‍ പേര്‍ താമസിക്കുന്നതും കുറ്റകരമാണ്. വിവിധ കുറ്റങ്ങള്‍ക്ക്​ 50,000 ദിര്‍ഹം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെയാണ് പിഴ.

Related Tags :
Similar Posts