കണ്ണൂർ വിമാനത്താവളത്തിന്റെ ദുരവസ്ഥ പരിഹരിക്കണം: മേയർ ടി.ഒ മോഹനൻ
|പ്രവാസികൾക്ക് വിമാനത്താവളം പൂർണമായ അർഥത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ഇതിൽ മാറ്റം വരണമെന്നും മേയർ
കണ്ണൂർ വിമാനത്താവളത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭാഗത്തു നിന്ന് അടിയന്തര ഇടപെടൽ വേണമെന്ന് കണ്ണൂർ മേയർ ടി.ഒ മോഹനൻ.ഗൾഫിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ കണ്ണൂരിലേക്ക് ആവശ്യമാണെന്നും അദ്ദേഹം ദുബൈയിൽ വ്യക്തമാക്കി.
കണ്ണൂർ വിമാനത്താവളത്തിന്റെ മുരടിപ്പ് മറികടക്കാൻ ശക്തവും പ്രായോഗികവുമായ നടപടികൾ വൈകരുതെന്ന് അഭ്യർഥിച്ച മോഹനൻ പതിനായിരക്കണക്കിന് കണ്ണൂർ പ്രവാസികൾക്ക് വിമാനത്താവളം പൂർണമായ അർഥത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും ഇതിൽ മാറ്റം വരണമെന്നും ചൂണ്ടിക്കാട്ടി.
ഷാർജയിൽ ദുബൈ കണ്ണൂർ കെ.എം.സി.സിയുടെ പ്രവാസോൽസവ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കണ്ണൂർ മേയർ. ദുബൈയിലെ മീഡിയാവൺ, ഗൾഫ് മാധ്യമം ഓഫീസുകളും മേയർ സന്ദശിച്ചു.ബദറുദ്ദീൻ പനക്കാട്ട്, ഇൻകാസ്നേതാക്കളായ ബി.എ. നാസർ, അഖിൽ തൊടിക്കുളം എന്നിവരും മേയർക്കൊപ്പം സന്നിഹിതരായിരുന്നു