നവീകരണം അന്തിമഘട്ടത്തിൽ: ദുബൈ വിമാനത്താവളം റൺവേ ഈമാസം 22ന് തുറക്കും
|എയറനോട്ടിക്കൽ ഗ്രൗണ്ട് ലൈറ്റിങ്, കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കും
അറ്റകുറ്റപണി നടക്കുന്ന ദുബൈ വിമാനത്താവളം റൺവേ ഈമാസം 22 ന് തുറക്കും. ഇതോടെ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട സർവീസുകൾ തിരിച്ചെത്തും. കഴിഞ്ഞമാസം ഒമ്പതിനാണ് ദുബൈ വിമാനത്താവളത്തിന്റെ ഒരു ഭാഗം അറ്റകുറ്റപണിക്കായി അടച്ചത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്കുഭാഗത്തെ റൺവേയാണ് കഴിഞ്ഞമാസം നവീകരിക്കുന്നതിനായി അടച്ചത്. ആയിരത്തോളം വാഹനങ്ങളും മുവ്വായിരത്തോളം തൊഴിലാളികളുമാണ് ഇവിടെ ജോലിയെടുക്കുന്നത്. റൺവേയുടെ 4.5 കിലോമീറ്ററും അറ്റകുറ്റപ്പണി നടത്തി. റൺവേ സ്ട്രിപ്പ്, ടാക്‌സിവേ പോയന്റ് ഡ്രൈനേജ് സംവിധാനങ്ങൾ എന്നിവ നവീകരിച്ചു. എയറനോട്ടിക്കൽ ഗ്രൗണ്ട് ലൈറ്റിങ്, കാലാവസ്ഥ നിരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കും. വർഷങ്ങൾക്ക് ശേഷമാണ് ഇത്ര വിപുലമായ അറ്റകുറ്റപ്പണി ദുബൈ വിമാനത്താവളത്തിൽ നടത്തുന്നത്. 2014ലാണ് അവസാനമായി വിപുലമായ നവീകരണം നടന്നത്. അടുത്ത നവീകരണം 2024ൽ ആണ് നടക്കേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് കാലത്ത് വിമാന സർവീസ് നിർത്തിവെച്ചതോടെ വീണ്ടും നവീകരണം ആവശ്യമായി വന്നു. റൺവേ അടച്ചതോടെ ആയിരത്തോളം വിമാന സർവീസുകൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റി. 2019ൽ റൺവേയുടെ തെക്ക് ഭാഗം ഒന്നര മാസം അടച്ചിട്ട് നവീകരിച്ചിരുന്നു.