UAE
ഫലസ്തീൻ ജനതയുടെ സുരക്ഷ ഉറപ്പാക്കണം; ഇസ്രായേലിനോട് ആവശ്യമുന്നയിച്ച് യു.എ.ഇ
UAE

'ഫലസ്തീൻ ജനതയുടെ സുരക്ഷ ഉറപ്പാക്കണം'; ഇസ്രായേലിനോട് ആവശ്യമുന്നയിച്ച് യു.എ.ഇ

Web Desk
|
19 Sep 2022 6:10 PM GMT

പശ്ചിമേഷ്യൻ മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാ അംഗരാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്നും യു.എ.ഇ

ദുബൈ: പശ്ചിമേഷ്യൻ സുരക്ഷയും കെട്ടുറപ്പും ഉറപ്പാക്കാൻ രാജ്യങ്ങൾക്കിടയിൽ സഹകരണവും ഐക്യവും അനിവാര്യമാണെന്ന് യു.എ.ഇ. അതേസമയം ഫലസ്തീൻ ജനതയുടെ സുരക്ഷയും പുരോഗതിയും ഉറപ്പാക്കാതെ മേഖലക്ക് മുന്നോട്ട് പോകാനാവില്ലെന്നും യ.എ.ഇ വ്യക്തമാക്കി. ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സുമായി നടന്ന കൂടിക്കാഴ്ചയിൽ യു.എ.ഇ ഉന്നതതല സംഘമാണ് ഇക്കാര്യം അറിയിച്ചത്.

അബ്രഹാം കരാറിന്റെ രണ്ടാം വാർഷിക ഭാഗമായി തെൽ അവീവിൽ തുടരുന്ന യു.എ.ഇ ഉന്നതതല സംഘമാണ് പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സുമായി വിശദമായ ചർച്ച നടത്തിയത്. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് നിലപാടുകൾ പങ്കുവെച്ചത്. പശ്ചിമേഷ്യൻ മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാ അംഗരാജ്യങ്ങൾക്കും ബാധ്യതയുണ്ട്. വികസനവും പ്രത്യാശയും നിറഞ്ഞ ഒരു ഭാവിയിലേക്ക് മേഖലയിലെ ജനങ്ങളെ നയിക്കാൻ അംഗരാജ്യങ്ങൾക്കിടയിലെ സഹകരണം പ്രധാനമാണ്. ഫലസ്തീൻ ജനതയുടെ സുരക്ഷക്കും പുരോഗതിക്കും ഫലസ്തീൻ അതോറിറ്റിക്ക് പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയും യു.എ.ഇ സംഘം ഇസ്രായേൽ പ്രതിരോധ മന്ത്രിയെ ധരിപ്പിച്ചു.

എല്ലാ തുറകളിലും സഹകരണം ഉറപ്പാക്കാനുള്ള ഇസ്രായേൽ, യു.എ.ഇ ധാരണ മേഖലക്കും ജനങ്ങൾക്കും ഏറെ ഗുണം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി ഗാന്റ്‌സ് പറഞ്ഞു. ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങളിലും യു.എ.ഇ സംഘം സന്ദർശനം നടത്തി. ഇസ്രായേലിലെ ടെക്‌നിയൻ യൂനിവേഴ്‌സിറ്റി, തെൽ അവീവ് കലാ മ്യൂസിയം എന്നിവിടങ്ങളിൽ സംഘത്തിന് സ്വീകരണം ഒരുക്കിയിരുന്നു.


Similar Posts