വേനൽചൂട് കനത്തു; യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു
|ഈമാസം 15 മുതലാണ് നിയമം നിലവിൽ വരിക. അടുത്ത മൂന്ന് മാസത്തേക്ക് രാജ്യത്ത് ഉച്ചസമയത്ത് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല
യു എ ഇ: വേനൽ കനത്തതോടെ യു എ ഇയിൽ, ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഈമാസം 15 മുതലാണ് നിയമം നിലവിൽ വരിക. അടുത്ത മൂന്ന് മാസത്തേക്ക് രാജ്യത്ത് ഉച്ചസമയത്ത് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. നിയമം ലംഘിക്കുന്നവർക്ക് അമ്പതിനായിരം ദിർഹം വരെ പിഴ ലഭിക്കും.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് യു എ ഇയിൽ നിർബന്ധ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചത്. ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്ന് വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികൾ ഒരുക്കണം. അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുണ്ടാവുക.
വെള്ളം, വൈദ്യുതി വിതരണം, ഗതാഗത പ്രശ്നങ്ങളുടെ പരിഹാരം, മാറ്റിവെക്കാൻ കഴിയാത്ത മറ്റു ജോലികൾ എന്നിവക്കാണ് ഇളവ് ലഭിക്കുക. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഉച്ചസമയത്ത് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്.
മൊത്തം ജോലിസമയം ദിവസം എട്ട് മണിക്കൂറിൽ കൂടരുതെന്ന് തൊഴിൽമന്ത്രാലയം നിഷ്കർഷിക്കുന്നു. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നവർക്ക് ഒരു തൊഴിലാളിക്ക് അയ്യായിരം ദിർഹം എന്ന നിരക്കിൽ അമ്പതിനായിരം ദർഹം വരെ പിഴ ലഭിക്കും. സ്ഥാപനങ്ങളെ തരം താഴ്ത്തുകയും ചെയ്യും. നിയമലംഘനങ്ങൾ 600590000 എന്ന നമ്പറിലോ, തൊഴിൽ മന്ത്രാലയത്തിന്റെ ആപ്പ് വഴിയെ റിപ്പോർട്ട് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. തുടർച്ചയായി 19 വർഷമാണ് യു എ ഇയിൽ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.