UAE
abudabhi city
UAE

നയം വ്യക്​തമാക്കി യു.എ.ഇ; ആദായ നികുതി ഏർപ്പെടുത്തില്ലെന്ന്​​ മന്ത്രാലയം

Web Desk
|
23 Jan 2024 6:57 PM GMT

ആദായ നികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന്​ സൗദി അറേബ്യയും അടുത്തിടെ​ വെളിപ്പെടുത്തിയിരുന്നു

വ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന്​ യു.എ.ഇ ധനകാര്യ മന്ത്രാലയം. അറബ്​ നാണയ നിധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറബ്​ രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ ഒമ്പതാമത്​ യോഗത്തിലാണ്​ ഇക്കാര്യം വ്യതക്തമാക്കിയത്.

അറബ്​ രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങൾ, പൊതു ബജറ്റുകളുടെയും കാലാവസ്ഥ വ്യതിയാനത്തിന്‍റെയും ധനകാര്യ വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യാനാണ്​ യോഗം ചേർന്നത്​. അന്താരാഷ്ട്ര നാണയനിധി, വേൾഡ്​ ബാങ്ക്​, ഓർ​ഗനൈസേഷൻ ഫോർ ഇകണോമിക്​ കോർപറേഷൻ ആൻഡ്​ ഡവലപ്​മെന്‍റ്​ എന്നീ കൂട്ടായ്മകളിൽ നിന്നുള്ള വിദഗ്​ധരുടെ സംഘവും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്​. വിവിധ രാജ്യങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കാൻ​ ആകെ ആറ്​ സംവാദ സെഷനുകളും മൂന്ന്​ ചർച്ച സെഷനുകളുമാണ്​ രണ്ടുദിവസത്തെ യോഗത്തിലുള്ളത്​.

ആദായ നികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന്​ സൗദി അറേബ്യയും അടുത്തിടെ​ വെളിപ്പെടുത്തിയിരുന്നു. ജൂൺ മുതൽ യു.എ.ഇയിൽ കോർപറേറ്റ്​ നികുതി നിലവിൽ വന്നിരുന്നു. 2024 കലണ്ടർ വർഷം മുതൽ വാർഷിക വരുമാനം 10 ലക്ഷം ദിർഹമിൽ കൂടുതലുള്ള എല്ലാവരും കോർപറേറ്റ്​ നികുതിക്ക്​ രിജിസ്​ട്രേഷൻ പൂർത്തിയാക്കി രജിസ്റ്റർ നമ്പർ നേടിയിരിക്കണമെന്നും​ നിർദേശിച്ചിട്ടുണ്ട്​.

രാജ്യത്ത്​ താമസക്കാരല്ലാത്ത വ്യക്​തികൾക്ക്​ യു.എ.ഇയിൽ സ്ഥിരം സ്ഥാപനമുണ്ടാവുകയും 10 ലക്ഷം ദിർഹമിൽ കൂടുതൽ വരുമാനം ലഭിക്കുകയും ചെയ്താലാണ്​ നികുതി അടക്കേണ്ടതായി വരിക. എന്നാൽ, ജോലിയിൽ നിന്നുള്ള വരുമാനം, വ്യക്​തിപരമായ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം, റിയൽ എസ്​റ്റേറ്റ്​ നിക്ഷേപ വരുമാനം എന്നിവക്ക്​ കോർപേറേറ്റ്​ നികുതിയിൽ ഇളവുണ്ട്​.

ബിസിനസ് സ്ഥാപനങ്ങൾ ഒമ്പത് ശതമാനമാണ്​ കോർപറേറ്റ് ടാക്സ് നൽകേണ്ടത്. സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ, ഖനന മേഖലയിലെ സ്ഥാപനങ്ങൾ തുടങ്ങിയവയെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കോർപറേറ്റ് നികുതിയിൽനിന്ന് ഒഴിവാക്കിയതായി നേരത്തെ ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്​.

Related Tags :
Similar Posts