റഷ്യ-യുക്രൈൻ സംഘർഷം പരിഹരിക്കാൻ ചർച്ചക്ക് മുൻകൈയെടുക്കുമെന്ന് യുഎഇ
|ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിക്കിടെയാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽനഹ്യാൻ കൂടിക്കാഴ്ച നടത്തിയത്.
അബൂദബി: റഷ്യ-യുക്രൈൻ സംഘർഷ പരിഹാരത്തിന് മുൻകൈയെടുക്കാൻ സന്നദ്ധത ആവർത്തിച്ച് യുഎഇ. റഷ്യൻ വിദേശകാര്യമന്ത്രിയുമായി ന്യൂയോർക്കിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദാണ് ഇക്കാര്യം അറിയിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിക്കിടെയാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽനഹ്യാൻ കൂടിക്കാഴ്ച നടത്തിയത്. റഷ്യ-യുക്രൈൻ സംഘർഷവും യുദ്ധവും രമ്യമായി പരിഹരിക്കാൻ സാധ്യതകൾ ആരായുന്നതിന് യുഎഇ സന്നദ്ധമാണെന്ന് ശൈഖ് അബ്ദുല്ല ബിൻ സായിദ് പറഞ്ഞു. നേരത്തേയും പ്രശ്‌നപരിഹാരത്തിന് സമാധാനപരമായ സാധ്യതകൾ ആരായുന്നതിന് യുഎഇ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റഷ്യക്കും യുക്രൈയിനും സമാധാനം പുനസ്ഥാപിക്കുന്നതിന് എല്ലാവിധ പിന്തുണയും യുഎഇ വാഗ്ദാനം ചെയ്തു. റഷ്യ-യുഎഇ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ചും ഇരു വിദേശകാര്യമന്ത്രിമാരും ചർച്ച നടത്തി. ഇതിനിടെ സിറിയ, മൊറോക്കോ, പാകിസ്താൻ, കൊസോവോ വിദേശകാര്യമന്ത്രിമാരുമായും ശൈഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തി.