യു.എ.ഇയുടെ ഔദ്യോഗിക ദേശീയ ദിനാഘോഷ പരിപാടികൾ നാളെ ആരംഭിക്കും
|50 ഇടങ്ങളിൽ തത്സമയം പ്രദർശിപ്പിക്കും
യു.എ.ഇയുടെ 51ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ആഘോഷങ്ങൾ കൊണ്ട് സജീവമായിരിക്കുകയാണ്. ഒരു പക്ഷെ യു.എ.ഇ സ്വദേശികളേക്കാൾ ആവേശത്തോടെയാണ് മലയാളികളടക്കമുള്ള പ്രവാസികൾ അന്നം തരുന്ന നാടിന്റെ ദേശീയ ദിനം സ്വന്തം പോലെ കൊണ്ടാടുന്നത്.
ഇതെല്ലാം പരിഗണിച്ച് യു.എ.ഇ ഭരണകർത്താക്കൾ ഔദ്യോഗികമായി തന്നെ ആഘോഷ പരിപാടികൾ ഗംഭീരമായി സംഘടിപ്പിക്കുന്നുണ്ട്.
നാളെ, ഡിസംബർ 2നാണ് ഔദ്യോഗിക ആഘോഷ ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്നുള്ള ആഘോഷങ്ങൾ ഡിസംബർ 3 മുതൽ 11 വരെ അബൂദബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. ആഘോഷപരിപാടികൾ ടി.വിയിൽ ലൈവായി സംപ്രേഷണം ചെയ്യുമെങ്കിലും ആഘോഷ ദൃശ്യങ്ങളെല്ലാം വലിയ സ്‌ക്രീനുകളിൽ യു.എ.ഇയിലുടനീളം പ്രദർശിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന പ്രത്യേക പരേഡാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർശണം. യു.എ.ഇയുടെ സമ്പന്നമായ സംസ്‌കാരവും മറ്റും ഉൾകൊള്ളുന്ന പ്രകടനങ്ങൾക്കൊപ്പം രാജ്യം കൈവരിച്ച അത്യാധുനിക സാങ്കേതിക നേട്ടങ്ങളും മറ്റും ഉൾകൊള്ളിച്ച വ്യത്യസ്ത പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകും.
തത്സമയ സംഗീത പരിപാടികളുൾപ്പെടെ വിവിധ കലാപരിപാടികളും സൈനിക പ്രകടനങ്ങളുമടക്കം ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ഏഴ് എമിറേറ്റുകളിലുടനീളം 50 ലധികം സ്ഥലങ്ങളിലാണ് നാളെ ആരംഭിക്കുന്ന ഔദ്യോഗിക ആഘോഷ ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യുക.
അബൂദബിയിൽ കസർ അൽ ഹോസ്ൻ, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, ദി ഫൗണ്ടേഴ്സ് മെമ്മോറിയൽ, മജ്‌ലിസ് അബൂദബി, ലിവ ഫെസ്റ്റിവൽ തുടങ്ങി അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലും തത്സമയ പ്രദർശനമുണ്ടാകും.
ദുബൈയിൽ, എക്സ്പോ സിറ്റിയിലെ അൽ വാസൽ പ്ലാസയിലും ഹത്ത ഡാമിലും ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യും.
ഷാർജയിൽ ഷാർജ നാഷണൽ പാർക്ക്, അൽ ദൈദ് ഫോർട്ട്, ഖോർഫക്കാൻ എന്നിവിടങ്ങളിലും അജ്മാനിൽ ഫ്‌ലാഗ് പാർക്ക്, മറീന അജ്മാൻ എന്നിവിടങ്ങളിലുമാണ് പ്രദർശനം.
നോവോ, വോക്‌സ്, റോക്‌സി, റീൽ, സ്റ്റാർ, ഓസ്‌കാർ എന്നിവയുൾപ്പെടെ യു.എ.ഇയിലുടനീളമുള്ള നിരവധി സിനിമാ സ്‌ക്രീനുകളിലും പരിപാടി സംപ്രേക്ഷണം ചെയ്യും.