UAE
Three days of mourning in the UAE on the death of the amir of Kuwait
UAE

കുവൈത്ത്​ അമീറിന്‍റെ വേർപാടിൽ യു.എ.ഇയിൽ മൂന്ന് ​ദിനം ദുഃഖാചരണം; അനുശോചിച്ച് ​ഭരണാധികാരികൾ

Web Desk
|
16 Dec 2023 7:17 PM GMT

എല്ലാ സർക്കാർ സ്ഥാപനങ്ങളിലും എംബസികളിലും നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.

ദുബൈ: കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹമ്മദ്​ അൽ ജാബിർ അൽ സബാഹിന്‍റെ വേർപാടിൽ യു.എ.ഇയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം. യു.എ.ഇ ​പ്രസിഡന്‍റ് ​ശൈഖ് ​മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്‌യാനാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്​. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും എംബസികളിലും നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.

കുവൈത്ത്​ അമീറിന്‍റെ നിര്യാണത്തിൽ യു.എ.ഇയിലെ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി. കുവൈത്തിന്റെ മുന്നേറ്റത്തിനൊപ്പം ഗൾഫ്​, അറബ്​ കൂട്ടായ്​മയുടെ ഐക്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതൃത്വമാണ്​ വിടവാങ്ങിയതെന്ന്​ യു.എ.ഇ പ്രസിഡന്റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്​യാൻ പറഞ്ഞു. ആറു പതിറ്റാണ്ടുകാലം കുവൈത്തിനെ സേവിച്ച മഹാനായ ഭരണാധികാരിയായിരുന്നു ​ശൈഖ്​നവാഫ്​ അൽ അഹമ്മദ് ​അൽ സബാഹെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമ​ന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തൂം എക്സിൽ കുറിച്ചു.​

എല്ലാ ആത്മർഥതയോടും കൂടി തന്‍റെ കർത്തവ്യങ്ങൾ നിറവേറ്റാൻ അദ്ദേഹത്തിന് ​സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയുമായി ആത്മബന്ധം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു കുവൈത്ത്​ അമീറെന്ന്​ യു.എ.ഇ എക്സിക്യുട്ടീവ്​ ചെയർമാനും ദുബൈ കിരീടവകാശിയുമായി ശൈഖ്​ ഹംദാൻ പറഞ്ഞു.

Similar Posts