സ്വകാര്യവാഹനങ്ങൾക്ക് പ്രവേശനമില്ല; ദുബൈ വിമാനത്താവളം ടെർമിനൽ ഒന്നിൽ ഗതാഗത നിയന്ത്രണം
|സ്കൂൾ അവധിക്കാലവും ബലിപെരുന്നാൾ അവധിയും എത്തുന്ന സാഹചര്യത്തിൽ തിരക്ക് കുറക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണം
ദുബൈ വിമാനത്താവളം ടെർമിനൽ ഒന്നിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്ന വാഹനങ്ങൾ പണമടച്ചുള്ള പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
സ്കൂൾ അവധിക്കാലവും ബലിപെരുന്നാൾ അവധിയും എത്തുന്ന സാഹചര്യത്തിൽ തിരക്ക് കുറക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണം. ടെർമിനൽ ഒന്നിൽ നിന്നും മൂന്ന് മിനിറ്റ് നടന്നാൽ എത്തിച്ചേരാവുന്ന കാർ പാർക്ക് എ-പ്രീമിയം, ഏഴ് മിനിറ്റ് നടന്നാൽ എത്തിച്ചേരാവുന്ന കാർ പാർക്ക് ബി-ഇക്കോണമി എന്നിവയിലേതെങ്കിലും വിമാനത്താവളത്തിലെത്തുന്നവർക്ക് ഉപയോഗിക്കാം.
കാർ പാർക്ക് എയിൽ അഞ്ചുമിനിറ്റിന് അഞ്ച് ദിർഹം മുതൽ 30 മിനിറ്റിന് 30 ദിർഹം എന്നതാണ് നിരക്ക്. രണ്ട് മണിക്കൂർ വരെ പാർക്ക് ചെയ്യാൻ 40 ദിർഹം മതി. 125 ദിർഹത്തിന് ദിവസം മുഴുവൻ പാർക്ക് ചെയ്യാം. പിന്നീടുള്ള ഓരോ ദിവസത്തിനും നൂറ് ദിർഹം വീതം ഈടാക്കും.
കാർ പാർക്ക് ബിയിൽ 25 ദിർഹത്തിന് ഒരു മണിക്കൂറും രണ്ട് മണിക്കൂറിന് 30 ദിർഹവും മതി. 45 ദിർഹം നൽകിയാൽ നാല് മണിക്കൂർ പാർക്ക് ചെയ്യാം. ദിവസം മുഴുവൻ പാർക്ക് ചെയ്യാൻ ഇവിടെ 85 ദിർഹമാണ് ചാർജ്. പിന്നീടുള്ള ഓരോ ദിവസത്തിനും 75 ദിർഹം ഈടാക്കും.