UAE
UAE
ദേശീയ ദിനാഘോഷത്തിനിടെ നിയമലംഘനം; ദുബൈ പൊലീസ് 132 വാഹനങ്ങൾ പിടിച്ചെടുത്തു
|7 Dec 2022 12:17 PM GMT
നിയമങ്ങൾ പാലിക്കാതെ വാഹനമോടിച്ചവർക്ക് പിഴയും ബ്ലാക്ക് പോയിന്റുകളും ചുമത്തിയിട്ടുണ്ട്
യു.എ.ഇയുടെ 51ാമത് ദേശീയ ദിനാഘോഷങ്ങൾക്കിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ദുബൈ പൊലീസ് 132 വാഹനങ്ങൾ പിടിച്ചെടുത്തു. നിയമങ്ങൾ പാലിക്കാതെ വാഹനമോടിച്ചവർക്ക് പൊലീസ് പിഴയും ചുമത്തിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് ശല്യമാവുകയും വാഹനങ്ങളുടെ നിറം മാറ്റുകയും പെർമിറ്റില്ലാതെ വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കുകയും ചെയ്ത വാഹനങ്ങളാണ് പിടിച്ചെടുത്തവയിൽ അധികവും. കാറിൽ നിന്ന് നിശ്ചിത ഇടങ്ങളിലല്ലാതെ മാലിന്യം തള്ളുകയും അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുകയും ചെയ്തവർക്കെതിരെ ബ്ലാക്ക് പോയിന്റുകളും ചുമത്തിയിട്ടുണ്ട്.
3 ദിവസത്തെ ആഘോഷങ്ങൾക്കിടെ ബർ ദുബൈ മേഖലയിൽനിന്ന് 72 വാഹനങ്ങളും ദേരയിൽനിന്ന് 60 വാഹനങ്ങളുമാണ് പിടികൂടി പിഴ ചുമത്തിതെന്ന് പൊലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡയരക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.