ഗതാഗത നിയമലംഘകർ കുടുങ്ങും: വിവരങ്ങൾ കൈമാറാൻ ഖത്തറും യുഎഇയും, രാജ്യം മാറിയാലും പിഴ
|ബഹ്റൈനുമായി ധാരണയായതിന് പിന്നാലെയാണ് ഖത്തറുമായും യു.എ.ഇ സമാനമായ കരാർ തയാറാക്കുന്നത്
ഖത്തറിൽ ഗതാഗതനിയമം ലംഘിച്ചവർ ഇനി യു എ ഇയിലെത്തിയാലും പിഴ നൽകേണ്ടി വരും. ട്രാഫിക് നിയമം ലംഘിക്കുന്നവരുടെ വിവരങ്ങൾ പരസ്പരം കൈമാറാൻ യു.എ.ഇയും ഖത്തറും തമ്മിൽ ധാരണയായി. യു എ ഇ-ഖത്തർ ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ബഹ്റൈനുമായി ധാരണയായതിന് പിന്നാലെയാണ് ഖത്തറുമായും യു.എ.ഇ സമാനമായ കരാർ തയാറാക്കുന്നത്. യു.എ.ഇയുടെയും ഖത്തറിൻറെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്ത സുരക്ഷ യോഗത്തിലാണ് തീരുമാനം. പലതവണ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. ഗതാഗത മേഖലയിലെ വിവിധ വിവരങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം കൈമാറും.
കഴിഞ്ഞയാഴ്ചയാണ്, ഗതാഗത മേഖലയിലെ വിവരങ്ങൾ കൈമാറാൻ ബഹ്റൈനും യു.എ.ഇയും ധാരണയായത്. ഇനി മുതൽ യു എ ഇയിൽ ഗതാഗത നിയമം ലംഘിച്ച് ഖത്തറിലേക്കോ, ബഹ്റൈനിലേക്കോ പോകുന്നവർ അവിടെ പിഴ നൽകേണ്ടി വരും. നിയമം ലംഘിച്ച് യു എ ഇയിലെത്തിയാലും നിയമലംഘകർ കുടുങ്ങും.