യുഎഇയില്‍ കെട്ടിടത്തില്‍നിന്ന് വീണ് രണ്ട് കുട്ടികള്‍ മരിച്ചു
|ഷാര്‍ജയിലും ഫുജൈറയിലുമായി നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് പത്തും എട്ടും വയസുള്ള കുട്ടികള്‍ മരിച്ചത്
ഫുജൈറയിലും ഷാര്‍ജയിലുമായി ഇന്നലെ നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ കെട്ടിടത്തിന്റെ മുകളിലെ നിലകളില്‍നിന്ന് വീണ രണ്ട് കുട്ടികള്‍ മരിച്ചു. ബുധനാഴ്ച വൈകുന്നേരം ഫുജൈറയിലെ ഹമദ് ബിന്‍ അബ്ദുള്ള സ്ട്രീറ്റിലെ കെട്ടിടത്തില്‍ നിന്ന് ജനാലയില്‍കൂടി താഴേക്ക് വീണതിനെ തുടര്‍ന്നാണ് എട്ട് വയസ്സുള്ള അറബ് സ്വദേശിയായ കുട്ടി മരിച്ചത്.
ഫുജൈറ പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചപ്പോള്‍ തന്നെ അപകടസ്ഥലത്ത് എത്തിയ പോലീസ് സംഘം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
മറ്റൊരപടകത്തില്‍ ഷാര്‍ജയിലെ കിങ് ഫൈസല്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന റെസിഡന്‍ഷ്യല്‍ ടവറിന്റെ 32ാം നിലയില്‍ നിന്ന് വീണ് 10 വയസ്സുള്ള ഏഷ്യന്‍ സ്വദേശിയായ കുട്ടിയും ഇന്നലെ വൈകുന്നേരം മരിച്ചു.കുട്ടി ബാല്‍ക്കണിയില്‍ നിന്ന് വീണതായി ഇന്നലെ ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡിന്റെ ഓപ്പറേഷന്‍ റൂമിന് റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു.വീഴ്ചയുടെ ആഘാതത്തെ തുടര്‍ന്ന് കുട്ടി അപകടസ്ഥലത്ത് തന്നെ മരിച്ചതായാണ് പ്രാഥമിക വിവരം.
അപകട കാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യം അന്വേഷിക്കുന്നതിനും നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുമായി സംഭവത്തിന്റെ വിശദാംശങ്ങള്‍ അല്‍ ബുഹൈറ കോംപ്രിഹെന്‍സീവ് പോലീസ് സ്റ്റേഷന് കൈമാറിയിട്ടുണ്ട്.