യു.എ.ഇ വനിതാദിനം നാളെ; സ്ത്രീ ശാക്തീകരണ നയം പ്രഖ്യാപിച്ച് രാജ്യം
|എല്ലാ മേഖലകളിലും വനിതാമുന്നേറ്റം ഉറപ്പാക്കുകയാണ് പുതിയ നയം ലക്ഷ്യമിടുന്നത്
നാളെ യു.എ.ഇ വനിതാദിനം ആചരിക്കാനിരിക്കെ, സ്ത്രീ ശാക്തീകരണം മുൻനിർത്തി പുതിയ ദേശീയ നയം പ്രഖ്യാപിച്ച് രാജ്യം... യു.എ.ഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് ആണ് 'നാളേക്കായി ഞങ്ങൾ സഹകരിക്കും' എന്ന പ്രമേയത്തിൽ എട്ടു വർഷത്തെക്കുള്ള ദേശീയ സ്ത്രീശാക്തീകരണ നയം പ്രഖ്യാപിച്ചത്.. എല്ലാ തുറകളിലും വനിതാമുന്നേറ്റം ഉറപ്പാക്കാനാണ് പുതിയ നയം ലക്ഷ്യമിടുന്നത്.
സ്ത്രീകളുടെ ഐക്യവും മുന്നേറ്റവും ഉറപ്പാക്കുക, ഭാവിയിൽ തൊഴിൽ വിപണികളിൽ സ്ത്രീ പങ്കാളിത്തം വിപുലപ്പെടുത്തൽ, നേതൃതലത്തിലും മറ്റും കൂടുതൽ സ്ത്രീ ശാക്തീകരണം എന്നിങ്ങനെ മൂന്ന് പ്രധാന മാർഗ നിർദേശങ്ങളാണ് പുതിയ നയം മുന്നോട്ടുവെക്കുന്നത്. . സ്ത്രീകൾക്ക് അനുകൂലമായ സാഹചര്യങ്ങളും നിയമങ്ങളും വികസിപ്പിക്കുന്നതിന് പുതിയ നയം ഊന്നൽ നൽകും. ഇതിനായി ദേശീയവും അന്തർദേശീയവുമായ സഹകരണം ശക്തിപ്പെടുത്തും. മന്ത്രിസഭയുടെ ജനറൽ സെക്രട്ടേറിയറ്റ്, ജനറൽ സെക്രട്ടേറിയറ്റ് ഓഫ് ദി കാബിനറ്റ്, ഏഴ് എമിറേറ്റിലേയും എക്സിക്യുട്ടീവ് കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് എന്നിവയുടെ പ്രതിനിധികളുടെ
സഹകരണത്തോടെ ജനറൽ വുമൻസ് യൂനിയനാണ് നയം നടപ്പിലാക്കാനുള്ള ചുമതല. രാജ്യത്തെ വിവിധ മന്ത്രാലയങ്ങൾ, ഫെഡറൽ, ലോക്കൽ, സ്വകാര്യ ഏജൻസികൾ, സ്ഥാപനങ്ങൾ, പ്രധാനപ്പെട്ട സാമൂഹിക സംഘടനകൾ എന്നിവരുടെ സഹകരണവും ഉറപ്പാക്കും.
സ്ത്രീശാക്തീകരണത്തിനായി മൂന്നു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ വികസിപ്പിക്കുകയാണ് പ്രധാന സ്ഥാപനങ്ങളുടെ ജോലി. പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും വിലയിരുത്താൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വിളിച്ചു ചേർക്കണമെന്നും നയം നിർദേശിക്കുന്നു