ജി20 ഉച്ചകോടിയിൽ 100 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇ
|ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെയുള്ള പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് യുഎഇയുടെ സഹായം
ദുബൈ: ജി 20 ഉച്ചകോടിയിൽ നൂറ് മില്യൺ യുഎസ് ഡോളറിന്റെ സഹായ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെയുള്ള പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് യുഎഇയുടെ സഹായം. റിയോ ഡി ജനീറോയിൽ നടന്ന ഉച്ചകോടിയിൽ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദാണ് യുഎഇയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. ഈയിടെ പ്രഖ്യാപിച്ച എയ്ഡ് ഏജൻസി വഴിയാകും യുഎഇ സഹായം ലഭ്യമാക്കുക. അന്താരാഷ്ട്ര തലത്തിൽ സമാധാനവും ക്ഷേമവും വികസനവും ഉറപ്പാക്കാൻ യുഎഇ പ്രതിഞ്ജാബദ്ധമാണെന്ന് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ ശൈഖ് ഖാലിദ് പറഞ്ഞു.
അതിഥി രാജ്യമെന്ന നിലയിലാണ് യുഎഇ ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം, സുസ്ഥിര വികസനം തുടങ്ങിയ നിരവധി വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്തു. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ പ്രതിനിധി എന്ന നിലയിലാണ് ശൈഖ് ഖാലിദ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബ്രസീൽ പ്രസിഡണ്ട് ലുല ഡിസിൽവ അടക്കമുള്ള വിവിധ രാഷ്ട്ര നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെ 148 അംഗങ്ങൾ അടങ്ങുന്ന ആഗോള കൂട്ടായ്മയ്ക്ക് ഉച്ചകോടി രൂപം നൽകി. 82 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൂട്ടായ്മയിലുണ്ട്. നീതിയുക്ത ലോകവും സുസ്ഥിര ഭൂമിയും എന്നതാണ് ബ്രസീൽ ഉച്ചകോടിയുടെ പ്രമേയം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.