സ്വദേശിവൽക്കരണം: ചെറുകിട സ്ഥാപനങ്ങളുടെ ആശങ്കയകറ്റി യു.എ.ഇ
|പതിനായിരക്കണക്കിന് ഇമാറാത്തികൾ ഇതിനകം ജോലിയിൽ പ്രവേശിച്ചത് പദ്ധതിയുടെ വിജയമാണെന്ന് മന്ത്രി
ദുബൈ: സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട് ചെറുകിട സ്ഥാപനങ്ങളുടെ ആശങ്കയകറ്റി യു.എ.ഇ അധികൃതർ. അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സഥാപനങ്ങളിൽ സ്വദേശി ജീവനക്കാരെ നിയമിക്കണമെന്ന നിബന്ധന ചെറുകിട സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്ന് സർക്കാർ അറിയിച്ചു.
അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ കാര്യത്തിൽ മാത്രമാണ് സ്വദേശിവൽക്കരണ നിബന്ധന നടപ്പാക്കുകയെന്ന് യു.എ.ഇ മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽ റഹ്മാൻ അൽ അവാർ പറഞ്ഞു. പതിനായിരക്കണക്കിന് ഇമാറാത്തികൾ ഇതിനകം ജോലിയിൽ പ്രവേശിച്ചത് പദ്ധതിയുടെ വിജയമാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ സർക്കാർ സ്വീകരിച്ച ഇമാറാത്തി വൽക്കരണ നയത്തിൽ മാറ്റമുണ്ടാകില്ല. 50ൽ കൂടുതൽ വിദഗ്ദ ജീവനക്കാരുള്ള സ്ഥാപനമാണ് രണ്ട് ശതമാനം ഇമാറാത്തികളെ നിയമിക്കേണ്ടത്. 1000 ജീവനക്കാരുള്ള സ്ഥാപനത്തിൽ 100 വിദഗ്ദ ജോലിക്കാർ മാത്രമാണുള്ളതെങ്കിൽ രണ്ട് സ്വദേശികളെ നിയമിച്ചാൽ മതി. അതേസമയം, 100 ജീവനക്കാരുള്ള സ്ഥാപനത്തിൽ 100 പേരും വിദഗ്ദ ജോലിക്കാരാണെങ്കിൽ ഇവിടെയും രണ്ട് പേരെ നിയമിക്കണം. ഈ വർഷം അവസാനത്തോടെ ഇത് നാല് ശതമാനമാക്കി മാറ്റണമെന്നും മന്ത്രി നിർദേശിച്ചു.
ഫ്രീ സോണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടപ്പാക്കിയിട്ടില്ല. അതേസമയം നിരവധി സ്ഥാപനങ്ങൾ ഇത് സ്വന്തം നിലക്ക് ഏറ്റെടുത്തതായി ഇമാറാത്തി ടാലന്റ് കോംപറ്റീറ്റീവ്‌നെസ് കൗൺസിൽ സെക്രട്ടറി ജനറൽ ഗന്നം അൽ മസ്‌റൂയി പറഞ്ഞു. 1600 ഇമാറാത്തികൾ ഫ്രീ സോൺ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. കൂടുതൽ ഫ്രീ സോൺ സ്ഥാപനങ്ങൾ മുന്നോട്ടുവരണം. ഇവർക്ക് 'നാഫിസ്' പദ്ധതി അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുമെന്നും മസ്‌റൂഇ നിർദേശിച്ചു.