UAE
യുഎഇയിൽ അരി കയറ്റുമതിക്ക് നാല് മാസം വിലക്ക്
UAE

യുഎഇയിൽ അരി കയറ്റുമതിക്ക് നാല് മാസം വിലക്ക്

Web Desk
|
28 July 2023 5:38 PM GMT

ഇന്ന് മുതൽ വിലക്ക് പ്രാബല്യത്തിലായി.

ദുബൈ: യുഎഇയിൽ നിന്നുള്ള അരി കയറ്റുമതിക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ കഴിഞ്ഞദിവസം അരികയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് യുഎഇയും അരികയറ്റുമതിക്ക് നാലുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്.

അരിയുല്‍പന്നങ്ങള്‍ക്കും നാലുമാസത്തേക്ക് യുഎഇ കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അരിയുടെ കയറ്റുമതിയും പുനര്‍ കയറ്റുമതിയും പാടില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ വിലക്ക് പ്രാബല്യത്തിലായി.

ഇന്ത്യ അരികയറ്റുമതി നിർത്തിവെച്ചതിനാൽ പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ തീരുമാനം. ഈമാസം 20നാണ് ഇന്ത്യ കയറ്റുമതി വിലക്കിയത്.

അതേസമയം, കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിർബന്ധ സാഹചര്യങ്ങളിൽ അരി കയറ്റി അയക്കണമെങ്കിൽ ഇന്ന് മുതൽ പ്രത്യേക അനുമതി വാങ്ങണം. സാമ്പത്തിക മന്ത്രാലയം ഇത്തരം സ്ഥാപനങ്ങളുടെ അപേക്ഷ പരിഗണിച്ച് ആവശ്യമെങ്കിൽ മാത്രം താൽകാലിക അനുമതി നൽകും.

കയറ്റുമതി പെര്‍മിറ്റുകള്‍ക്ക് 30 ദിവസത്തെ സാധുതയുണ്ടായിരിക്കും. യുഎഇയിലേക്ക് അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുനർ കയറ്റുമതിക്കും വിലക്കുള്ളതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎഇയിലെത്തുന്ന അരിയും അരിയുൽപന്നങ്ങളും കയറ്റി അയക്കാൻ കഴിയില്ല.

Related Tags :
Similar Posts