യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു; സുൽത്താൻ അൽ നിയാദിയെ മന്ത്രിസഭയിൽ
|യുവജനകാര്യ സഹ മന്ത്രിയായാണ് പുതിയ നിയമനം
യു.എ.ഇ: യു.എ.ഇ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. ബഹിരാകാശ സഞ്ചാരിയും ശാസ്ത്രജ്ഞനുമായ സുൽത്താൻ അൽ നിയാദിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. യുവജനകാര്യ സഹ മന്ത്രിയായാണ് പുതിയ നിയമനം. മന്ത്രിസഭയുടെ പുനസംഘടന വിവരങ്ങൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് പുറത്തുവിട്ടത്. പ്രതിരോധകാര്യ സഹമന്ത്രിയായി മുഹമ്മദ് ഫസൽ അൽ മസ്റൂയിയെ നിയമിച്ചതാണ് മന്ത്രിസഭയിലെ മറ്റൊരു സുപ്രധാന മാറ്റം.
അബൂദബി കിരീടവകാശിയുടെ കോർട്ട് അണ്ടർ സെക്രട്ടറിയും പ്രസിഡൻഷ്യൽ കോർട്ട് ഉപദേശകനുമായിരുന്നു ഇദ്ദേഹം. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രിയായിരുന്ന മറിയം അൽ മുഹൈരിക്ക് പുതിയ ചുമതലയും നൽകി. പ്രസിഡൻഷ്യൽ കോർട്ടിലെ ഇന്‍റർനാഷനൽ അഫേഴ്സ് ഓഫിസിന്‍റെ തലവനായാണ് പുതിയ നിയമനം. കാബിനറ്റ് പദവിയോട് കൂടി ഈ പദവിയിലുണ്ടായിരുന്ന ഡോ. അംന അൽ ശംസിക്ക് പകരമായാണ് മുഹൈരിയെ നിയമിച്ചിരിക്കുന്നത്. അതേസമയം, ഉപ പ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ശൈഖ് മക്തൂം ബിൻ മുഹമ്മദ് സാമ്പത്തിക ധനകാര്യ വകുപ്പിന്‍റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതല കൂടി ഏറ്റെടുക്കും.
പൊതു ജനങ്ങളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളിൽ നിന്നാണ് സുൽത്താൻ അൽ നിയാദിയെ മന്ത്രിയായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ യുവജന കാര്യ മന്ത്രി പദത്തിലേക്ക് യോഗ്യരായവരെ നാമനിർദേശം ചെയ്യാൻ യു.എ.ഇ വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ ഇദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ആയിരക്കിന് പേരാണ് നാമനിർദേശം സമർപ്പിച്ചിരുന്നത്.
അനേകം നാമനിർദേശങ്ങൾ ലഭിച്ചിരുന്നെങ്കിലും സുൽത്താൻ അൽ നിയാദിയുടെ പേര് ആവർത്തിച്ചുയർന്ന സാഹചര്യത്തിലാണ് മന്ത്രിപദത്തിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. പുതിയ ഉത്തരവാദിത്തങ്ങൾക്കൊപ്പം ഗവേഷണങ്ങൾ സുൽത്താൻ അൽ നിയാദി തുടരുമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു.