UAE
UAE calls for collective action to ensure human rights protection
UAE

മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാൻ കൂട്ടായ നീക്കം വേണമെന്ന് യു.എ.ഇ

Web Desk
|
30 Jun 2024 5:50 PM GMT

ജനീവയിൽ യു.എൻ മനുഷ്യാവകാശ ഹൈകമീഷണറുമായുള്ള കൂടിക്കാഴ്ചയിൽ യു.എ.ഇ വിദേശകാര്യ സഹമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്

ദുബൈ: ആഗോളതലത്തിൽ മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാൻ രാജ്യങ്ങൾക്കിയിൽ യോജിച്ച പ്രവർത്തനം അനിവാര്യമെന്ന് യു.എ.ഇ. ഫലസ്തീൻ ഉൾപ്പെടെ പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് അടിയന്തര നടപടി വൈകരുതെന്നും യു.എ.ഇ ആവശ്യപ്പെട്ടു. ജനീവയിൽ യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ ഡോ. വോൾകർ ടുർകുമായുള്ള കൂടിക്കാഴ്ചയിൽ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ലന സാകി നുസൈബയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പശ്ചിമേഷ്യ ഉൾപ്പെടെ ലോകത്തുടനീളം മനുഷ്യാവകാശങ്ങളും സമാധാനവും പുരോഗതിയും ഉറപ്പാക്കാൻ കൂട്ടായ നീക്കമാണ് വേണ്ടതെന്ന് യു.എ.ഇ മന്ത്രി ലന സാകി നുസൈബ പറഞ്ഞു. യു.എൻ മനുഷ്യാവകാശ സമിതിയുമായി ചേർന്നു കൂടുതൽ പ്രവർത്തിക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ അറിയിച്ചു. ലോകത്തുടനീളം തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അമർച്ച ചെയ്യേണ്ടതിന്റെ ആവശ്യകത യു.എൻ മനുഷ്യാവകാശ ഹൈകമീഷണറും ചൂണ്ടിക്കാട്ടി.

മനുഷ്യാവകാശ സംരക്ഷണം ഉറപ്പു വരുത്തുന്നതിലൂടെ മാത്രമേ സമാധാനവും പുരോഗതിയും ഉറപ്പാക്കാൻ സാധിക്കുകയുള്ളുവെന്ന നിലപാടാണ് യു.എ.ഇ പിന്തുടരുന്നതെന്ന് മന്ത്രി ലന സാകി നുസൈബ വ്യക്തമാക്കി. ഗസ്സയിൽ തുടരുന്ന യുദ്ധം മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ചർച്ചയായി. യു.എന്നിലെ യു.എ.ഇ സ്ഥിരം പ്രതിനിധി ജമാൽ അൽ മുഷറാകും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Similar Posts