ലിബിയയിലെ സൈനിക നടപടികൾ ഉടനടി നിർത്തിവയ്ക്കണമെന്ന് യു.എ.ഇ
|അക്രമങ്ങളിൽ ഇതുവരെ ചുരുങ്ങിയത് 23 പേരെങ്കിലും മരിക്കുകയും 140ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ലിബിയയിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. രാജ്യത്തെ സൈനിക നടപടികൾ ഉടനടി നിർത്തണമെന്നും സാധാരണക്കാരുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സ്വത്തുക്കളും ജനങ്ങളുടെ ജീവനും സംരക്ഷിക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാനായി ഇരു കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി അബ്ദുൽ ഹമീദ് അൽദ്ബീബയും തലസ്ഥാനമായ ട്രിപ്പോളിയിൽ പുതിയ സർക്കാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഫാത്തി ബഷാഗയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷത്തെച്ചൊല്ലിയാണ് ലിബിയയിൽ വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ട്രിപ്പോളിയിൽ അധികാരം പിടിക്കാനുള്ള ബഷാഗയുടെ, കഴിഞ്ഞ മെയ് മാസത്തിന് ശേഷമുള്ള രണ്ടാമത്തെ ശ്രമമാണിത്.
അക്രമങ്ങളിൽ ഇതുവരെ ചുരുങ്ങിയത് 23 പേരെങ്കിലും മരിക്കുകയും 140ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ അക്രമസംഭവങ്ങൾക്കാണ് ലിബിയ ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.