UAE
UAE collected 200 tons of aid for Lebanon in one day
UAE

ഒരു ദിവസം; ലബനാനു വേണ്ടി യുഎഇ സമാഹരിച്ചത് 200 ടൺ സഹായം

Web Desk
|
12 Oct 2024 5:15 PM GMT

നാനൂറിലേറെ വളണ്ടിയർമാർ ചേർന്ന് തയാറാക്കിയത് 10000ത്തിലേറെ കിറ്റുകൾ

ദുബൈ: യുഎഇ സ്റ്റാൻഡ് വിത്ത് ലബനാൻ ക്യാംപയിന്റെ ഭാഗമായി 24 മണിക്കൂറിനിടെ സമാഹരിച്ചത് 200 ടൺ സഹായവസ്തുക്കൾ. നാനൂറിലേറെ വളണ്ടിയർമാർ ചേർന്ന് പതിനായിരത്തിലേറെ ദുരിതാശ്വാസ കിറ്റുകളാണ് ലബനാനു വേണ്ടി തയ്യാറാക്കിയത്.

ഇസ്രായേൽ ആക്രമണം തുടരുന്ന ലബനാനിലെ ജനങ്ങൾക്കു വേണ്ടി, പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശ പ്രകാരമാണ് യുഎഇ സ്റ്റാൻഡ് വിത്ത് ലബനാൻ ക്യാംപയിൻ ആരംഭിച്ചത്. ക്യാംപയിന്റെ ആദ്യഘട്ടത്തിൽ സംഭാവന സ്വീകരിക്കാൻ ദുബൈ എക്സ്പോ സിറ്റിയിലാണ് സൗകര്യമൊരുക്കിയിരുന്നത്. എമിറേറ്റ്സ് റെഡ് ക്രസന്റുമായി ചേർന്നായിരുന്നു വിഭവസമാഹരണം.

നാളെ അബൂദബി പോർട്ടിൽ സമാഹരണത്തിന്റെ രണ്ടാം ഘട്ടം നടക്കും. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന സമാഹരണത്തിൽ അബൂദബിയിലെ വിവിധ ഏജൻസികളും സ്ഥാപനങ്ങളും പങ്കാളികളാകും. ഷാർജയിൽ ഒക്ടോബർ 19നാണ് ക്യാംപയിൻ. ഷാർജ എക്സ്പോ സെന്ററാണ് വേദി. ഒക്ടോബർ എട്ടിന് ആരംഭിച്ച ക്യാംപയിൻ 21 വരെ തുടരും.

ഒമ്പതു വിമാനങ്ങളിലായി 375 ടൺ സഹായവസ്തുക്കളാണ് യുഎഇ ഇതുവരെ ലബനാനിലെത്തിച്ചിട്ടുള്ളത്. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ലബനാൻ ജനതയ്ക്കായി നൂറു ദശലക്ഷം യുഎസ് ഡോളറിന്റെ സഹായമാണ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നത്. രാജ്യത്ത് ഭവനരഹിതരായവർക്കു വേണ്ടി 30 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായം പ്രസിഡണ്ട് അനുവദിക്കുകയും ചെയ്തിരുന്നു.

Related Tags :
Similar Posts